നിയമപരമായ ടെന്‍ഡര്‍ പോലുമില്ലാതെയാണ് സ്റ്റാളുകള്‍ നല്‍കിയതെന്ന് കാസർകോട് ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു
കാസര്‍കോട്: ബേക്കല്‍ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവൽ നടത്തിപ്പിൽ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കോണ്‍ഗ്രസ്. നിയമപരമായ ടെന്‍ഡര്‍ പോലുമില്ലാതെയാണ് സ്റ്റാളുകള്‍ നല്‍കിയതെന്ന് കാസർകോട് ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് ഫെസ്റ്റിവലിനെതിരെ ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 31 വരെയാണ് ബേക്കല്‍ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍. വിവിധ പവലിയനുകള്‍, വിപണന മേളകള്‍, ഗെയിം സോണുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാമുണ്ട് ഫെസ്റ്റിവലില്‍. ബേക്കല്‍ ബീച്ച് ഫെസ്റ്റിവൽ നടത്തിപ്പിൽ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ജനകീയ കമ്മിറ്റിയാണ് ഫെസ്റ്റിവല്‍ നടത്തുന്നത് എന്ന് പറയുന്നതില്‍ അവ്യക്തതയുണ്ടെന്നും വരവ് ചെലവ് കണക്കുകൾ പുറത്ത് വരില്ലെന്നും ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസല്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസും ഫെസ്റ്റിവലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബേക്കല്‍ ഫെസ്റ്റ് കൊള്ളയുടെ കാണാപ്പുറങ്ങള്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിന്‍ തുടങ്ങി. ജില്ലാ കളക്ടറെ ടാഗ് ചെയ്ത് കൊണ്ടാണ് കാമ്പയിന്‍. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘാടകരുടെ വിശദീകരണം. ജനകീയ ഉത്സവത്തിന്റെ ശോഭ കെടുത്താനാണ് കോൺഗ്രസ് ശ്രമമെന്നും എംഎൽഎ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം