ബാർ ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ: മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ ബാറിനു വെളിയിൽ സംഘർഷം. ബാർ ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.
കോട്ടമുറി സ്വദേശിയായ അനുരാഗ്, തങ്കുളം സ്വദേശിയായ സനീഷ് എന്നിവർ മാളയിലെ അനുപമ ബാറിൽ മദ്യപിക്കാനെത്തി. തുടർന്നുണ്ടായ വാക്ക് തർക്കങ്ങളാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. ബാർ ജീവനക്കാരും എത്തിയവരും പരസ്പരം ബാറിന് തൊട്ടു പുറത്ത് വച്ച് പോർ വിളിച്ചു തുടങ്ങി, പൊരിഞ്ഞ അടിയിലേക്ക് മാറുകയായിരുന്നു.
ബാർ ജീവനക്കാർ കൂട്ടത്തോടെ എത്തി അടി തുടങ്ങിയതോടെ അനുരാഗിന്റെ തലയ്ക്ക് പരിക്കേറ്റു. വീണു കിടന്ന സതീഷിനെ ജീവനക്കാർ ചവിട്ടിക്കൂട്ടി. സമീപത്തുണ്ടായിരുന്ന മുൻ പോലീസുകാരന്റെ സമയോചിത ഇടപെടലാണ് ചവിട്ടേറ്റ ആളെ രക്ഷിച്ച് പുറത്തെത്തിക്കാൻ കാരണമായത്.
ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. അനുരാഗിന്റെ തലയ്ക്ക് തുന്നിലിട്ട് വിട്ടയച്ചു. സനീഷിനെ മർദ്ദനത്തിൽ ശരീരത്തിൽ ചതവുകൾ ഏറ്റിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നത് പിന്നാലെ മാള പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. കണ്ടാലറിയുന്ന പ്രതികൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്