പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് ക്യാമ്പിലെത്തി രജിസ്‌ട്രേഷന്‍ നടത്താം
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന 'ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മറ്റന്നാൾ (സെപ്തംബര്‍ 19) രാവിലെ 10 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. രാവിലെ 8.30 മുതലാണ് രജിസ്‌ട്രേഷന്‍ 18 നും 50 വയസിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്കായി സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്.
പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് ക്യാമ്പിലെത്തി രജിസ്‌ട്രേഷന്‍ നടത്താം. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകള്‍ തരംതിരിച്ചാണ് സ്വകാര്യ തൊഴില്‍ ദാതാക്കളുമായി കൈകോര്‍ത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. മുസ്ലിം, കൃസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി സിക്ക് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവർക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍നടത്താം.
ഉദ്ഘാടന വേളയിൽ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനാവും. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു മുഖ്യാതിഥിയാവും. എം.എല്‍.എ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എം.പി എം.വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസാ, എ. സൈഫുദ്ധീന്‍ ഹാജി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍, എ.ഡി.എം കെ. ദേവകി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക്, കൗണ്‍സിലര്‍ പുഷ്പ എം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യം, വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍, കേരളാ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, ജില്ലാ കോര്‍ഡിനേറ്റര്‍ യൂസഫ് ചെമ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളാ നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ ഡയാന തങ്കച്ചന്‍ പദ്ധതി അവതരണം നടത്തും.