ലോകത്തെ ഏറ്റവും വലിയ വിത്തായ 'കോകോഡിമെർ' മലപ്പുറത്തേക്ക് വിരുന്നെത്തി. ഒരു ലക്ഷം രൂപയോളം വിലവരുന്ന ഈ വിത്ത്
മലപ്പുറം: ലോകത്തെ ഏറ്റവും വലിയ വിത്തായ 'കോകോഡിമെർ' മലപ്പുറത്തേക്ക് വിരുന്നെത്തി. ഒരു ലക്ഷം രൂപയോളം വിലവരുന്ന ഈ വിത്ത് കൈയിൽ കരുതാൻ ലൈസൻസും വേണം. കാളികാവ് ചെങ്കോട് ഒഴത്തിൽ ടോം ഐസക്ക് എന്ന എക്‌സൈഡ് ബാറ്ററി കച്ചവടക്കാരനാണ് ഈ അപൂർവ വിത്ത് സ്വന്തമാക്കിയത്.
ടോമിന്റെ ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശിയും ആഫ്രിക്കയിലെ സിഷ്യൽസിൽ നഴ്‌സുമായ ഫെനിൽ എന്നയാളിൽ നിന്നാണ് ടോമിന് വിത്ത് ലഭിച്ചത്. ആഫ്രിക്കൻ രാജ്യമായ സീഷെൽസ് ദ്വീപിലാണ് ഈ അത്യപൂർവ്വ വിത്ത് ഇപ്പോൾ വിളയുന്നത്. 60 വർഷത്തോളം കാലമെടുത്താണ് കൊകോഡിമെർ മരങ്ങൾ പൂവിടുന്നത്.
പിന്നെയും ഒരു പതിറ്റാണ്ടെടുത്താണ് ഇവ കായ്ക്കുന്നതെന്നതത്രെ. കൊൽക്കത്തയിലെ ആചാര്യ ജെ സി ബോസ് ബൊട്ടാണിക്കൽ ഗാർഡനിൽ മാത്രമാണ് ഇന്ത്യയിലെ ഏക കൊകോഡിമെർ മരം ഇപ്പോൾ നിലനിൽക്കുന്നത്. ഇന്ത്യൻ രൂപ 65,000 രൂപ നൽകിയാണ് ഫെനിൽ വിത്ത് സ്വന്തമാക്കിയത്.
ഇരട്ടത്തേങ്ങ അഥവാ ഡബിൾ കോക്കനട്ട് എന്നുമറിയപ്പെടുന്ന കൊകോഡിമെറുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും നിലവിലുണ്ട്. ചരിത്രാധീത കാലം മുതൽ ഈ വൃക്ഷവും വിത്തും നിലനിന്നിരുന്നു എന്നാണ് കണ്ടെത്തൽ.
നാടിന്റെ സംഗമമായി മാണിക്കോത്ത് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ
കോഴിക്കോട്: ഒരു നാട് മുഴുവൻ ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ച് അവർ യാത്ര പറഞ്ഞിറങ്ങി. പയ്യോളി മാണിക്കോത്ത് കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയാണ് (Break Fast) നാടിൻ്റെ സംഗമ വേദിയായി മാറിയത്. എല്ലാവരെയും ഹസ്തദാനം നൽകി സ്വീകരിച്ചിരുത്താൻ കൂട്ടായ്മയിലെ മുതിർന്നവർ തങ്ങളുടെ വീട്ടിലെ ചടങ്ങ് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മഗ്‍രിബ് ബാങ്ക് വിളി ഉയർന്നതോടെ നോമ്പുതുറയ്ക്ക് തുടക്കമായി. കൊവിഡ് മഹാമാരിക്കാലത്ത് രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിച്ച് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടിയവർ എല്ലാം മറന്ന് കൂട്ടായ്മയുടെ ഭാഗമായി. ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് ഓരോരുത്തരം മടങ്ങിയത്.
നോമ്പുതുറയ്ക്ക് മുമ്പ് നടന്ന സാംസ്കാരിക സദസ്സ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി. ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, നഗരസഭാംഗങ്ങളായ ഷൈമ മണന്തല, റസിയ ഫൈസൽ, അൻവർ കായിരികണ്ടി, ചെറിയാവി സുരേഷ് ബാബു, എൻ.പി. ആതിര, എഴുത്തുകാരായ സോമൻ കടലൂർ, മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, ഖാദർ പള്ളിക്കര, സിനിമാ നടനും മിമിക്രി ആർട്ടിസ്റ്റുമായ മണിദാസ് പയ്യോളി, സംഘടനാ ഭാരവാഹികളായ എം.പി ഷിബു, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, വി.എം ഷാഹുൽ ഹമീദ്, കെ പി റാണാ പ്രതാപ്, കെ.ടി രാജ് നാരായണൻ, പടന്നയിൽ പ്രഭാകരൻ, ഡോ. രാഗേഷ് ഝാ, എ.കെ ബൈജു പ്രസംഗിച്ചു. സെക്രട്ടറി കെ.പി നന്ദു ലാൽ സ്വാഗതവും മാണിക്കോത്ത് പ്രമോദ് നന്ദിയും പറഞ്ഞു.