'പുതിയ അറിവുകള്‍ സൃഷ്ടിക്കല്‍ പ്രധാനം'; നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് വിതരണം ചെയ്ത് മുഖ്യമന്ത്രി

By Web Team  |  First Published Aug 21, 2023, 9:38 PM IST

ആ അറിവുകള്‍ പൊതുസമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തണം. ഈ അറിവുല്‍പ്പാദനമാണ് ഫെലോഷിപ്പ് ജേതാക്കളുടെ പ്രാഥമിക ദൗത്യമെന്ന് മുഖ്യമന്ത്രി. 


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സൃഷ്ടി പ്രധാനമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിനാവശ്യമായ പുതിയ അറിവുകള്‍ സൃഷ്ടിക്കല്‍ പ്രധാനമാണ്. ആ അറിവുകള്‍ പൊതുസമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുകയും വേണം. ഈ അറിവുല്‍പ്പാദനമാണ് ഫെലോഷിപ്പ് ജേതാക്കളുടെ പ്രാഥമിക ദൗത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വിജ്ഞാനമേഖലയിലെ വളര്‍ച്ചയാണ് നാടിന്റെ പുരോഗതിയ്ക്ക് അടിത്തറ തീര്‍ക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എന്നാല്‍ ഗവേഷണ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതുവെ കുറയുന്ന സമകാലീന സാഹചര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കാത്ത പദ്ധതികള്‍ കേരളം ആവിഷ്‌കരിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 3,500 കോടി രൂപയുടെ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ബജറ്റാണ് മുന്നോട്ടു വച്ചത്.' വിവിധ മേഖലകള്‍ക്ക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വേണ്ടിവരുന്ന തുക എത്ര, ഓരോ മേഖലകളും അതീവപ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഗവേഷണങ്ങള്‍ ഏതെല്ലാം എന്നിവയൊക്കെ അതില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Latest Videos

undefined

'ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഫെലോമാരെ തെരഞ്ഞെടുക്കുന്ന അതേ മാതൃക പിന്തുടര്‍ന്നാണ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഗവേഷണ ഫലങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രം പോരാ, അവയിലെ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുക കൂടി വേണം എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാം ആ ദിശയില്‍ കേരളത്തെ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കുന്ന ഒന്നാണ്.' ഫെലോഷിപ്പിനു അര്‍ഹരായ എല്ലാവര്‍ക്കും ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വര്‍ഷം 68 പേരാണ് ഫെലോഷിപ്പിന് അര്‍ഹരായത്. ജേതാക്കള്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 50,000 രൂപ വീതവും രണ്ടാം വര്‍ഷം പ്രതിമാസം ഒരു ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ഇതിനു പുറമേ കണ്ടിജന്‍സി ഫണ്ടായി ഒരു വര്‍ഷം രണ്ട് ലക്ഷം രൂപയും ലഭിക്കും. കഴിഞ്ഞ വര്‍ഷം 77 പേരാണ് ഫെലോഷിപ്പിന് അര്‍ഹരായത്.

 മേലുദ്യോഗസ്ഥന്റെ ശകാരം: കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഓടുന്ന ബസിൽ ബോധംകെട്ട് വീണു 
 

tags
click me!