കൈകോർത്ത് കുശലങ്ങൾ പറഞ്ഞ് ജീവിത വഴിയിൽ നടന്നു നീങ്ങുന്ന ക്ലാരമ്മയും പാപ്പച്ചനും നാട്ടുകാർക്ക് വേറിട്ട കാഴ്ചയാണ്. 10 മക്കളുണ്ടിവർക്ക്. മക്കളും കൊച്ചുമക്കളുമൊക്കെയായി 87 പേരുണ്ടിപ്പോൾ.
ഇടുക്കി: 81ആം വിവാഹ വാർഷികം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച ദമ്പതികളുണ്ട് ഇടുക്കിയിൽ. മക്കളും കൊച്ചുമക്കളുമൊക്കെ ചേർന്ന് ആഘോഷം ഗംഭീരമാക്കി.
ഇടുക്കി ഇരട്ടയാർ നാങ്കുതൊട്ടിയിലെ പാപ്പച്ചൻ എന്നു വിളിക്കുന്ന പി വി ആൻറണിയും ഭാര്യ ക്ലാരമ്മയുമാണ് 81 ആം വിവാഹ വാർഷികം ആഘോഷിച്ചത്. പാപ്പച്ചന് 103 വയസ്സുണ്ട്. ക്ലാരമ്മക്ക് 97ഉം. ചട്ടയും മുണ്ടുമുടുത്ത് ഭർത്താവിന്റെ കൈപിടിച്ച് കുശലങ്ങൾ പറഞ്ഞ് ജീവിത വഴിയിൽ നടന്നു നീങ്ങുന്ന ക്ലാരമ്മയും പാപ്പച്ചനും നാട്ടുകാർക്ക് വേറിട്ട കാഴ്ചയാണ്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല.
1943ലായിരുന്നു വിവാഹം. 1958ൽ പാപ്പച്ചൻ ഹൈറേഞ്ചിലേക്ക് കുടിയേറി. ആറു വർഷം താമസിച്ചത് മരത്തിന് മുകളിലെ ഏറുമാടത്തിലായിരുന്നു. 66 ൽ ക്ലാരമ്മയെയും മക്കളെയും കൊണ്ടുവന്നു. 10 മക്കളുണ്ടിവർക്ക്. മക്കളും കൊച്ചു മക്കളുമൊക്കെയായി 87 പേരുണ്ടിപ്പോൾ. വാർഷിക ആഘോഷത്തിന് എല്ലാവരും ഒത്തുകൂടി.
ഇരട്ടയാർ പഞ്ചായത്തിന്റെ തുടക്ക കാലത്ത് ഏഴ് വർഷം പഞ്ചായത്ത് അംഗമായും പലതവണ ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗമായും പാപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ഇരട്ടയാർ, നാങ്കുതൊട്ടി, വാഴവര തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിൽ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം.