ക്രിസ്മസ്-പുതുവത്സര ആഘോഷം: വിപണി ഒരുങ്ങി: എല്‍ഇഡി സ്റ്റാറുകള്‍ക്ക് വില 150 രൂപ മുതല്‍ 2000 വരെ

By Web Team  |  First Published Dec 18, 2024, 11:06 AM IST

അലങ്കാര സാമഗ്രികളും ലൈറ്റുകളും സാന്താക്ലോസിന്റെ സമ്മാനപ്പൊതികളും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ സെറ്റുകള്‍വരെയും സജ്ജമായി.


തൃശൂര്‍: ക്രിസ്മസ് അടുത്തതോടെ വരവേല്‍പ്പിനൊരുങ്ങി വിപണി. നക്ഷത്രങ്ങളിലും ട്രീയിലും പുല്‍ക്കൂട്ടിലുമെല്ലാം നിരവധി വൈവിധ്യങ്ങള്‍ അവതരിപ്പിച്ചാണ് ഇക്കൊല്ലവും വിപണി ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നവരെ കാത്തിരിക്കുന്നത്. പോക്കറ്റിന് ഒതുങ്ങുന്നതും ആഡംബരത്തിന് തിളക്കമേകാനും കഴിയുന്നവിധം ആവശ്യക്കാരുടെ താൽപര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തവണയും ക്രിസ്മസ് വിപണി സജീവമാകുന്നത്.

തൃശൂര്‍ ജില്ലയിലെ പ്രധാന ടൗണുകളിലും ഗ്രാമങ്ങളിലുമെല്ലാം ക്രിസ്മസ് നക്ഷത്രങ്ങള്‍, അലങ്കാരങ്ങള്‍, കേക്ക് വിപണി സജീവമായി. ഉണ്ണിയേശുവിന്റെ രൂപം, സ്റ്റാര്‍, ട്രീ ഡെക്കറേഷന്‍, റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, സാന്താക്ലോസ് പ്രതിമകള്‍, ഫൈബറിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച മഞ്ഞുതുള്ളികള്‍ ഇറ്റിവീഴുന്ന ക്രിസ്മസ് ട്രീകള്‍, ക്രിസ്മസ് പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍, ചുവപ്പും വെള്ളയും നിറത്തിലുള്ള സാന്താക്ലോസ് വസ്ത്രങ്ങള്‍, തൊപ്പികള്‍ എന്നിവക്കെല്ലാം ആവശ്യക്കാരേറെയുണ്ട്.

Latest Videos

undefined

അലങ്കാര സാമഗ്രികളും ലൈറ്റുകളും സാന്താക്ലോസിന്റെ സമ്മാനപ്പൊതികളും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ സെറ്റുകള്‍വരെയും സജ്ജമായി. പ്രത്യേകം ബെല്ലുകളടിക്കുന്നതും പാട്ടുകള്‍ പാടുന്നതുമായ സംവിധാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേക്കുകളുടെ നിര്‍മാണ കമ്പനികളും ചെറുകിട യൂണിറ്റുകളും വിപണിക്കായി ഒരുങ്ങി കഴിഞ്ഞു.

ക്രിസ്മസ് ഓര്‍മകളില്‍ മുഖ്യസ്ഥാനം സ്റ്റാറുകള്‍ക്കാണ്. പലനിറത്തിലുള്ള എല്‍.ഇ.ഡി. സ്റ്റാറുകളാണ് മിക്കവരുടെയും ചോയ്‌സ്. വിവിധ വലുപ്പത്തിലുള്ളവയ്ക്ക് 150 രൂപമുതല്‍ 2000 രൂപ വരെയാണ് വില. നൂറുമുതല്‍ 500 രൂപ വരെയുള്ള പേപ്പര്‍ സ്റ്റാറുകളുണ്ട്. ത്രിമാന രൂപമുള്ള സ്റ്റാറുകള്‍ തൂക്കാനാണ് ആള്‍ക്കാര്‍ക്ക് പ്രിയം. പ്ലാസ്റ്റിക്കിലും മള്‍ട്ടിവുഡിലും മരത്തടിയിലുമായി പുല്‍ക്കൂടുകളുമുണ്ട്.

പ്ലാസ്റ്റിക്കിന് 680 രൂപ മുതല്‍ വിലയുള്ളപ്പോള്‍ മരത്തിന്റേത് 350 രൂപയില്‍ തുടങ്ങും. കൈപ്പിടി യിലൊതുങ്ങുന്നതുമുതല്‍ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും ആഘോഷപ്രേമികളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ട്  250 രൂപമുതല്‍ 1400 വരെയാണ് വില. സാധാരണ ബെല്ലുകള്‍ക്ക് ഒരു ഡസന് 48 രൂപയാണ്. ഗോള്‍ഡ്, സില്‍വര്‍, ചുവപ്പ് നിറങ്ങളില്‍ ഇവ ലഭ്യമാണ്. സാന്റാ വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. രണ്ടുമാസമായ കുട്ടിക്കുമുതല്‍ മുതിര്‍ന്നവര്‍ക്കുവരെയുള്ള സാന്റാ വേഷങ്ങള്‍ ലഭിക്കും. 150 മുതല്‍ 250 രൂപ വരെയാണ് വില. 65ഓളം വ്യത്യസ്ത സാന്റകളാണ് വിപണിയിലുള്ളത്. പുല്‍ക്കൂടുകള്‍ക്ക് 100 മുതല്‍ 2000 വരെയാണ് വില. മഞ്ഞ് ഉണ്ടാക്കുന്ന റെക്രോയ് പഞ്ഞികള്‍ അര കിലോ 100 രൂപയ്ക്ക് ലഭിക്കും.

സാന്റ റബര്‍ മുഖത്തിന് 80 മുതല്‍ 400 വരെയും പ്ലാസ്റ്റിക് മുഖത്തിന് 30 രൂപയുമാകും. സാന്റാ തൊപ്പിക്ക് 10 മുതല്‍ 40 വരെയാണ് വില. ക്രിസ്മസ് ഫ്രണ്ടിനുള്ള ഗിഫ്റ്റുകള്‍, ബോളുകള്‍, ട്രീയില്‍ അലങ്കരിക്കാനുള്ള ഗിഫ്റ്റ് ബോക്‌സുകള്‍, സാന്റ സ്റ്റിക്, ഷൂ, ഗ്ലൗസ്, തൊപ്പി തുടങ്ങി ട്രീ അലങ്കാര വസ്തുക്കള്‍ നിരവധിയാണ്്. ക്രിസ്മസ് കാര്‍ഡുകള്‍ക്ക് തീരെ ആവശ്യക്കാരില്ല. വിപണിയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ട്രീ ഉണ്ടാക്കാനുള്ള പച്ച മാലകള്‍ ആണെന്ന് പുത്തന്‍പള്ളിക്ക് സമീപമുള്ള കേരള ഫാന്‍സി ഷോപ്പ് ഉടമ ഷബീര്‍ പറഞ്ഞു.

ബക്കറ്റിന്റെ അടപ്പ് ഉപയോഗിച്ചാണ് പച്ചമാല കൊണ്ടുള്ള ട്രെന്‍ഡിങ് ട്രീകള്‍ നിര്‍മിക്കുന്നത്. രണ്ടുമീറ്റര്‍ മാലയ്ക്ക് 30 മുതല്‍ 50 രൂപ വരെയാണ് വില. പരീക്ഷാ കാലമായതിനാല്‍ വിപണിയില്‍ തിരക്ക് കുറവാണ്. എന്നാല്‍ ക്രിസ്മസ് അടുക്കുന്നതോടെ തിരക്ക് വര്‍ധിക്കുമെന്ന് കടയുടമകള്‍ പറയുന്നു. സ്‌കൂള്‍ അവധി തുടങ്ങുന്നതോടെ ആഘോഷകള്‍ക്ക് കടകളില്‍ വലിയ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. അതെ സമയം മഴ വില്ലനാകുമോ എന്ന ഭയവും ചെറുകിട കച്ചവടക്കാര്‍ക്കുണ്ട്.

Asianet News Live

click me!