കഞ്ഞിക്കുഴിയിൽ ചായക്കട നടത്തുകയായിരുന്ന പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവും കടബാധ്യതയെ തുടർന്ന് മക്കൾക്കു വിഷം നൽകിയ ശേഷം ജീവനൊടുക്കിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
ഇടുക്കി: മാതാപിതാക്കൾ വിഷം നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടികൾ തിരികെ വീട്ടിലെത്തി. ആരോഗ്യസ്ഥിതി മെച്ചമായതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ യാണ് എയ്ഞ്ചൽ, അബിൻ, ജോസുകുട്ടി എന്നിവരെ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. കഞ്ഞിക്കുഴിയിൽ ചായക്കട നടത്തുകയായിരുന്ന പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവും കടബാധ്യതയെ തുടർന്ന് മക്കൾക്കു വിഷം നൽകിയ ശേഷം ജീവനൊടുക്കിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
കുട്ടികളെ ടിന്റുവിന്റെ അമ്മ ലീലാമ്മ നിറകണ്ണുകളോടെ സ്വീകരിച്ചു. പുന്നയാർ ചൂടൻസിറ്റിയിൽ തന്നെയുള്ള ലീലാമ്മയുടെ വീട്ടിലേക്കാണ് കുട്ടികളെ കൊണ്ടു പോയത്. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി പല വ്യക്തികളും സംഘടനകളും മുന്നോട്ടുവന്നെങ്കിലും അവരെ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് ലീലാമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ടിന്റുവിന്റെ സഹോദരിമാരുടെ മക്കളും വീട്ടിൽ ഉള്ളതിനാൽ മാതാപിതാക്കളുടെ അഭാവം ഇന്നലെ കുട്ടികളെ അലട്ടിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, ദമ്പതികളുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മരണത്തിനു പിന്നിൽ കഞ്ഞിക്കുഴിയിലെ സ്വകാര്യ പണമിടപാടുകാരാണെന്ന് ആരോപണമുയർന്നിരുന്നു.
മരിച്ച ബിജുവിൻറെ അമ്മയുടെ പേരിലുള്ള 77 സെൻറ് സ്ഥലത്തിൻറെ പട്ടയം ഈട് നൽകി ബിജു പലിശയ്ക്ക് പണം വാങ്ങിയതായാണ് സംശയം. വായ്പയെടുക്കാൻ അമ്മയുടെ പക്കൽ നിന്നും ബിജു പട്ടയം വാങ്ങിയിരുന്നു. അപേക്ഷയിൽ ഒപ്പിട്ടു കൊടുക്കാത്തതിനാൽ ബാങ്കിൽ നിന്നല്ല വായ്പയെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടൊപ്പം മറ്റു പലരിൽ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നു. കഞ്ഞിക്കുഴിയിലുള്ള ബ്ലേഡ് മാഫിയക്കാർ ഇവരുടെ ഹോട്ടലിൽ സ്ഥിരമായെത്തി പണം തിരികെ ചോദിക്കാറുണ്ടെന്ന് ബിജുവിൻറെ സുഹൃത്തുക്കളും പറയുന്നു. ഇതു മൂലമുണ്ടായ മാനസിക വിഷമമാണ് കൂട്ട ആത്മഹത്യ ശ്രമത്തിലേക്ക് എത്തിച്ചതെന്നാണ് സംശയം.
Read Also; റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി