പച്ചക്കറി വിലക്കയറ്റം: സര്‍ക്കാര്‍ ഇടപെടണമെന്ന് ചാണ്ടി ഉമ്മന്‍ 

By Web Team  |  First Published Aug 20, 2023, 8:25 PM IST

പച്ചക്കറിയുടെ വിലക്കയറ്റം സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും, ഹോട്ടല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ. 


കോട്ടയം: പച്ചക്കറിയുടെ വിലക്കയറ്റത്തില്‍ സര്‍ക്കാരിന്റെ സത്വരമായ ഇടപെടല്‍ ആവശ്യമാണെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍. പച്ചക്കറിയുടെ വിലക്കയറ്റം സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ഹോട്ടല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനിയും വിലവര്‍ധനയ്ക്ക് സാധ്യത ഉണ്ടെന്നാണ് മനസിലാക്കിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതായിരുന്നു. പച്ചക്കറികള്‍ സംഭരിച്ച് ന്യായവിലക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം ഇല്ലാത്തത് ഖേദകരമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

ചാണ്ടി ഉമ്മന്റെ കുറിപ്പ്: ''ചിങ്ങം പിറന്നു..ഇന്ന് അത്തം..മലയാളികള്‍ ഓണത്തിന്റെ ആഘോഷാരവങ്ങളിലേക്ക് നടന്ന് അടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുകയാണ്..പച്ചക്കറിയുടെ വിലക്കയറ്റം സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും, ഹോട്ടല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇനിയും വിലവര്‍ധനയ്ക്ക് സാധ്യത ഉണ്ടെന്നാണ് വ്യാപാരികളില്‍ നിന്ന് മനസ്സിലാക്കിയത്. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതായിരുന്നു. പച്ചക്കറികള്‍ സംഭരിച്ച് ന്യായവിലക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം ഇല്ലാത്തത് ഖേദകരമാണ്..ഓണാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ച് സര്‍ക്കാറിന്റെ സത്വരമായ ഇടപെടല്‍ ഉണ്ടായേ മതിയാകൂ.''
 

Latest Videos

വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിരോധമെന്ന് മന്ത്രി 

കൊല്ലം: പൊതുവിപണന ശൃംഖലകളിലൂടെ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിരോധമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം തടഞ്ഞ് കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. എല്ലാ നിത്യോപയോഗസാധനങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ മുഖേന ലഭ്യമാകുന്നുണ്ട്. 2016ല്‍ പ്രഖ്യാപിച്ച അതേ വിലയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഇത്തവണയും നല്‍കുന്നു. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തില്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് അഞ്ച് കിലോ ചെമ്പ അരി നല്‍കും. ഓണക്കാലത്ത് 250 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ മുഖേന ലക്ഷ്യമിടുന്നത്. ഭക്ഷ്യവകുപ്പ് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന അരി നേരിട്ട് പൊതുവിപണന ശൃംഖലകളിലൂടെ എത്തിക്കുകവഴി ഗുണനിലവാരം ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആശ്രാമം മൈതാനത്ത് ജില്ലാതല സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി അനില്‍. 

 അരയിൽ മൊബൈൽ, ചെവിക്കുള്ളിൽ ബ്ലൂട്ടൂത്ത്; വിഎസ്എസ് സി ടെക്നീഷൻ പരീക്ഷയിൽ കോപ്പിയടി 
 

click me!