മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കിയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്
കോഴിക്കോട്: സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഉള്ള ഒരു ഗ്രാമപഞ്ചായത്ത് കേരളത്തിലുണ്ടോ? ഉണ്ടെന്ന് ഏവർക്കും ഉത്തരം പറയാം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപ്പാറയാണ് ചരിത്രം കുറിക്കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കിയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. സുരക്ഷാ ചക്ര പദ്ധതിയിലൂടെയാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്. ആഗസ്റ്റ് 16 ന് ചക്കിട്ടപ്പാറയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമപഞ്ചായത്തായി ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും.
സുരക്ഷാ ചക്ര പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സാമൂഹ്യ സാമ്പത്തിക സര്‍വേ നടത്തി. സര്‍വേയില്‍ ഒരു ഇന്‍ഷൂറന്‍സിലും ഭാഗമല്ലാത്ത 1739 പേരുണ്ടെന്ന് കണ്ടെത്തി. ഒരു വര്‍ഷമായി നടന്നുവന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയിലൂടെയാണ് ഇന്‍ഷുറന്‍സ് ഇല്ലാത്തവരെ കണ്ടെത്തിയത്. ഇന്‍ഷൂറന്‍സ് ഇല്ലാത്ത ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികളാണ് പഞ്ചായത്ത് അധികൃതർ അടക്കമുള്ളവർ പിന്നീട് സ്വീകരിച്ചത്. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയിലൂടെയാണ് ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയത്.
നിലവില്‍ രേഖകള്‍ ഒന്നും കൈവശമില്ലാത്ത 74 പേര്‍ക്ക് ഒഴികെ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഇന്‍ഷുറന്‍സുണ്ട്. നിലവിൽ ഇൻഷുറൻസ് ഇല്ലാത്ത 74 പേര്‍ക്ക് രേഖകള്‍ ലഭ്യമാക്കി ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. സുരക്ഷാ ചക്ര പദ്ധതിയിലൂടെ പഞ്ചായത്തിലെ 18 വയസിനും 70 വയസിനും ഇടയിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം