വീട്ടമ്മയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഇടുക്കി: ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പനെന്ന കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മക്ക് വീണ് പരിക്കേറ്റു. മുൻ പഞ്ചായത്ത് മെമ്പർ പാൽത്തായ് പഞ്ചാമൃതത്തിനാണ് പരിക്കേറ്റത്. രാവിലെ ബി എൽ റാം ടൗണിൽ വച്ച് ചക്കക്കൊമ്പൻറെ മുൻപിൽ അകപ്പെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന 30 അടി ഉയരമുള്ള തിട്ടയിൽ നിന്നും താഴത്തേക്ക് എടുത്ത് ചാടി രക്ഷപെടുമ്പോഴാണ് പരുക്കേറ്റത്. കൈക്കും കഴുത്തിനും പരുക്കേറ്റ പാൽത്തായ് പഞ്ചാമൃതത്തിന് ശ്വാസമെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. പാൽത്തായിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ പരുക്കേൽക്കാതെ രക്ഷപെട്ടു.
അതേസമയം കഴിഞ്ഞ മാസം 26 ന് ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളക്കല്ലിൽ സൗന്ദർരാജ് (68) എന്നയാൾക്ക് ജീവൻ നഷ്ടമായിരുന്നു. പകൽ കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സൗന്ദർരാജൻ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് കൈകളും ഒടിഞ്ഞ സൗന്ദർരാജിന്റെ ആന്തരിക അവയങ്ങളിലുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് വീണ് പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. പ്രദേശത്ത് ചക്കക്കൊമ്പന്‍റെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജീവനിൽ ഭയന്നാണ് ഏവരും ജീവിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ചക്കക്കൊമ്പന്‍റെ ശല്യം അവസാനിപ്പിക്കാനുള്ള നടപടികൾ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്. ഇനിയും ഇത് സഹിക്കാനാകില്ലെന്നും പ്രതിഷേധം തുടങ്ങുന്ന കാര്യമടക്കം ആലോചിക്കുമെന്നും നാട്ടുകാർ പറയുന്നുണ്ട്. അടുത്തിടെ ചക്കക്കൊമ്പന്‍റെ ആക്രമണം പ്രദേശത്ത് കാര്യമായ തോതിൽ കൂടിയിട്ടുണ്ട്. ഇത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകാൻ കാരണമാകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം