ഉച്ചക്കടയിലെ എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

By Web Team  |  First Published Jun 7, 2023, 11:35 AM IST

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവിനെ തുടര്‍ന്നാണ് പ്രതി അതിഥി തൊഴിലാളികളുടെ കേന്ദ്രത്തിലെ താമസക്കാരനാണെന്ന് സ്ഥിരീകരിച്ചത്. 


തിരുവനന്തപുരം: ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പൊലീസ് പിടികൂടി. ജാര്‍ഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയില്‍ പൂര്‍വാര്‍ഡില്‍ ബിഷ്ണു മണ്ഡല്‍(33) ആണ് പിടിയിലായത്. ഇയാള്‍ ഉച്ചക്കടയിലെ ഒരു അതിഥിത്തൊഴിലാളി കേന്ദ്രത്തിലെ അന്തേവാസിയാണെന്ന് പൊലീസ് പറഞ്ഞു. 

ഇക്കഴിഞ്ഞ നാലിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യ ഒണ്‍ എന്ന എ.ടി.എം കൗണ്ടറിനുള്ളില്‍ കയറിയ പ്രതി ഇവിടെ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറ, ഡി.വി.ആര്‍, മോഡം എന്നിവ മോഷ്ടിച്ചു പുറത്തിറങ്ങി. പിന്നാലെ ഉച്ചക്കടയിലെ തടിക്കടയില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. കള്ളന്‍ ഓടി മറയുന്ന ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് കടയുടമ ഉച്ചക്കട മുള്ളുവിള വീട്ടില്‍ ചന്ദ്രന്റെ പരാതിയെ തുടര്‍ന്ന് ബാലരാമപുരം പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവിനെ തുടര്‍ന്നാണ് പ്രതി അതിഥി തൊഴിലാളികളുടെ കേന്ദ്രത്തിലെ താമസക്കാരനാണെന്ന് സ്ഥിരീകരിച്ചത്. 

Latest Videos

വട്ടിയൂര്‍ക്കാവ് മുക്കോല റോസ് ഗാര്‍ഡര്‍ തിരുവാതിര വീട്ടില്‍ രഘുനാഥപിള്ളയുടെ മകന്‍ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എ.ടി.എം കൗണ്ടര്‍. ഉച്ചക്കടയില്‍ നാരായണ ട്രേഡിംഗ് ഏജന്‍സി നടത്തിവരുകയാണ് ഇദ്ദേഹം. എ.ടി.എം കൗണ്ടറില്‍ നടത്തിയ മോഷണത്തില്‍ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. രണ്ട് സംഭവത്തിലും ബാലരാമപുരം പൊലീസ് എസ്.എച്ച്.ഒ വിജയകുമാര്‍, എസ്.ഐ അജിത് കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി വരുകയാണ്. ബിഷ്ണു മണ്ഡലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
 

 സർക്കാരുമായുള്ള ചർച്ച; സമയം തീരുമാനിച്ചില്ലെന്ന് സാക്ഷി മാലിക്; ഒപ്പമുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം 
 

tags
click me!