ഇന്നലെ രാവിലെ ഒൻപതു മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ സ്ഥലത്തോട് ചേർന്ന് റിസോട്ടിൽ മുറിയെടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട ഥാർ ജീപ്പിൽ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. കൈതപ്പൊയിൽ പാറക്കൽ ഇർഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ്കേസെടുത്തത്. രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഒൻപത് മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചാണ് അപകടമുണ്ടായത്. ഥാർ ജീപ്പ് രണ്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് 60 അടി താഴ്ചയിൽ നിന്നും ഇർഷാദിനേയും ഫാരിസിനേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ പരിശോധനക്കിടെയാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎയുടെ ചെറിയ പാക്കറ്റ് കണ്ടെത്തുന്നത്.
തുടർന്ന് പൊലീസ് അപകടം നടന്ന സ്ഥലത്തെത്തി വാഹനത്തിനകത്ത് പരിശോധന നടത്തി. ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ഉയർത്തിയായിരുന്നു പരിശോധന. ജീപ്പിൽ നിന്നും രണ്ട് പാക്കറ്റ് എംഡിഎംഎ കൂടി കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്തോട് ചേർന്ന് റിസോട്ടിൽ മുറിയെടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. കേവലം 3 കിലോമീറ്റർ അകലെയാണ് ഇരുവരുടേയും വീട്. അപകടത്തിൽപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.