ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, കെടുത്താൻ ശ്രമിച്ചപ്പോൾ ആളിക്കത്തി; തലസ്ഥാനത്ത് ഒഴിവായത് വൻ അപകടം

By Web Desk  |  First Published Dec 27, 2024, 7:15 PM IST

നാട്ടുകാർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ എടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. 


‌തിരുവനന്തപുരം: ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. 

വ്യാഴാഴ്ച രാത്രി കുമരിച്ചന്ത സിഗ്നലിനടുത്ത് പുതുക്കാട് റോഡിലാണ് സംഭവം. തീപിടിത്തത്തിൽ വാഗണർ കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ എടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. വിഴിഞ്ഞത്തുനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഏങ്കൽസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സന്തോഷ് കുമാർ, രാജേഷ്, ബിജു, സനൽകുമാർ, സദാശിവൻ, ജോസ് എന്നിവരെത്തി തീയണച്ചു. കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സംഭവത്തെ തുടർന്ന് ഈഞ്ചയ്ക്കൽ പരുത്തിക്കുഴി തിരുവല്ലം ബൈപ്പാസ് റോഡിൽ കനത്ത ഗതാഗത കുരുക്ക് ഉണ്ടായി. 

Latest Videos

READ MORE: 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

click me!