ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാം, പക്ഷേ ഇൻകമിങ് കോളുകൾ വരില്ല; ബിഎസ്എന്‍എൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി

By Web Team  |  First Published Jun 26, 2024, 8:00 PM IST

ഇടിമിന്നല്‍ കൊണ്ടാണ് ഫോണിന് തകരാര്‍ സംഭവിച്ചതെന്നായിരുന്നു ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. മിന്നല്‍ കൊണ്ടാണ് തകരാര്‍ സംഭവിച്ചതെങ്കില്‍ പുറത്തേക്കുള്ള കോളുകൾ ലഭിച്ചിരുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു


തൃശൂര്‍: വീട്ടിലെ ലാന്റ് ഫോണിൽ ഇൻകമിങ് കോളുകൾ ലഭിച്ചില്ലെന്ന പരാതിയിൽ ബിഎൻഎൻഎൽ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. തൃശ്ശൂർ പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടില്‍ ഇ.ടി. മാര്‍ട്ടിന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ബി.എസ്.എന്‍.എല്‍ മാള എക്‌സ്‌ചേഞ്ചിലെ സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ക്കെതിരെയും തൃശൂരിലെ ജനറല്‍ മാനേജര്‍ക്കെതിരെയും വിധി വന്നത്. 

മാര്‍ട്ടിന്റെ ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാൻ സാധിച്ചിരുന്നെങ്കിലും ഇന്‍കമിങ് കോള്‍ ലഭിച്ചിരുന്നില്ല. ഇക്കാര്യം ടെലിഫോൺ എക്സ്ചേഞ്ചിലെ പരാതി പുസ്തകത്തില്‍ പരാതിയായി എഴുതി നല്‍കിരുന്നു. എന്നാല്‍ ബി.എസ്.എന്‍.എല്‍ പരാതി പരിഹരിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹം തൃശൂര്‍ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ  ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാൽ ഇടിമിന്നല്‍ കൊണ്ടാണ് ഫോണിന് തകരാര്‍ സംഭവിച്ചതെന്നായിരുന്നു ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. മിന്നല്‍ കൊണ്ടാണ് തകരാര്‍ സംഭവിച്ചതെങ്കില്‍ പുറത്തേക്കുള്ള കോളുകൾ ലഭിച്ചിരുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. 

Latest Videos

എതിര്‍കക്ഷികളുടെ വാദം യുക്തിസഹമല്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് സി.ടി. സാബു, മെംബര്‍മാരായ എസ്. ശ്രീജ, ആര്‍. റാംമോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ബിഎസ്എൻഎല്ലിന്റെ സേവനത്തില്‍ വീഴ്ചയുണ്ടായെന്ന് വിലയിരുത്തി. ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 1500 രൂപയും നല്‍കാനാണ് വിധി. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!