ഇറങ്ങിപ്പോകുന്ന സമയത്ത് ചെറിയ താലികൾ, കൊളുത്തുകൾ, മോതിരങ്ങൾ അടങ്ങിയ കവർ മോഷ്ടിക്കുകയായിരുന്നു
തൃശൂർ : സ്വർണ്ണ കടയിൽ നിന്നും ഒന്നേകാൽ പവൻ കവർന്ന പ്രതികളിൽ ഒരാൾ പിടിയിൽ. മണ്ണുത്തി പട്ടിക്കാട് പുതിയതായി പ്രവർത്തനം ആരംഭിച്ച ലിസ് ഗോൾഡ് എന്ന ജ്വല്ലറിയിൽ നിന്നും 10 ഗ്രാം സ്വർണ്ണം മോഷ്ടിച്ച രണ്ട് പ്രതികളിൽ ഒരാളെയാണ് പീച്ചി പോലീസ് പിടികൂടിയത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ഷറഫത്തലിയെയാണ് (47) തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഒരാഴ്ച മുമ്പ് പഞ്ചലോഹത്തിന്‍റെ തടവള വേണമെന്ന് ആവശ്യപ്പെട്ട് രണ്ടു പേർ കടയിൽ കയറിവന്നു. 150 രൂപയുടെ വള വാങ്ങി. ഇറങ്ങിപ്പോകുന്ന സമയത്ത് ചെറിയ താലികൾ, കൊളുത്തുകൾ, മോതിരങ്ങൾ അടങ്ങിയ കവർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പീച്ചി പോലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
മോഷണ കേസുകളിൽ പലതവണ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് പ്രതി. മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത് കുമാർ, എസ് ഐ മുരളി, എ എസ് ഐ സിജു, ശ്രീജിത്ത്, സുനീബ്, സിപിഒ മാരായ മിനേഷ്, ജോസഫ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം