കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് രണ്ട് പേരെ പിടികൂടിയത്
കോഴിക്കോട്: ബംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വില്‍പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ പുഴാതി മര്‍ഹബ മന്‍സിലില്‍ പി എം അബ്ദുല്‍ നൂര്‍ (45), കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലെ കുന്നുമ്മല്‍ ഹൗസില്‍ കെ മുഹമ്മദ് ഷാഫി (36) എന്നിവരെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 18.8 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ബംഗളൂരുവില്‍ ലഹരി വില്‍പന നടത്തുകയും എംഡിഎംഎ ഉള്‍പ്പെടെ കോഴിക്കോട്ട് എത്തിച്ചു നല്‍കുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് അബ്ദുല്‍ നൂര്‍. ബംഗളൂരുവില്‍ താമസമാക്കിയ ഇയാള്‍ കോഴിക്കോട് പുതിയ ബിസിനസ് പങ്കാളിയെ കണ്ടെത്തുന്നതിനായാണ് ജില്ലയിലെത്തിയത്. ഷാഫിയുടെ പരിചയത്തിലുള്ളവരെ ബിസിനസില്‍ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം. ഇയാള്‍ ദുബൈയില്‍ വച്ച് മയക്കുമരുന്നുമായി പിടികൂടിയതിനെ തുടര്‍ന്ന് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ടൗണ്‍ പോലീസ് എസ് ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഡാന്‍സാഫ് എസ് ഐ മനോജ് ഇടയേടത്ത്, എ എസ് ഐ കെ അബ്ദുറഹ്‌മാന്‍, അനീഷ് മൂസേന്‍വീട്, കെ അഖിലേഷ്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം