ഒരു കൈയിൽ സ്റ്റിയറിങ്, മറുകൈയിൽ മൊബൈൽ, ബസിൽ നിറയെ യാത്രക്കാർ; യാത്രക്കാരെടുത്ത വീഡിയോയിൽ ഡ്രൈവറുടെ ലൈസൻസ് പോയി

By Web Desk  |  First Published Jan 2, 2025, 8:50 AM IST

യാത്രക്കാർ ദൃശ്യങ്ങൾ ചിത്രീകരിച്ച് പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകുകയായിരുന്നു,


കോഴിക്കോട്: മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി. കോഴിക്കോട്ടെ സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് ഹാരിസിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ബസിലെ യാത്രക്കാർ തന്നെയാണ് ചിത്രീകരിച്ചത്.

ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ചിരിക്കുന്നു. മറുകൈയിൽ ബസിന്റെ സ്റ്റിയറിങ്. യാത്രക്കാരെയും കയറ്റി പോകുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ നിയമ ലംഘനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് - നരിക്കുനി റൂട്ടിലായിരുന്നു ഈ അപകട ഡ്രൈവിങ്. ദൃശ്യങ്ങൾ ചിത്രീകരിച്ച യാത്രക്കാർ പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകി.

Latest Videos

പിന്നാലെ ഡ്രൈവറെ വിളിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹിയറിങ് പൂർത്തിയാക്കി തുടർ നടപടി സ്വീകരിക്കുകയായിരുന്നു. ബസിലെ ഡ്രൈവർ കെ.കെ മുഹമ്മദ് ഹാരിസിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അപകട ഡ്രൈവിങ് നടത്തുന്നവർക്കെതിരെ കർശന നടപടിയാണ് നിലവിൽ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം അടിവാരം കുന്നമംഗലം റോഡിൽ ആംബുലൻസിന്റെ വഴി മുടക്കി യാത്ര ചെയ്ത സ്കൂട്ടർ യാത്രക്കാരന്റെ ഡ്രൈവിങ് ലൈസൻസും കോഴിക്കോട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ റദ്ദാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!