9.30ന് സ്റ്റോപ്പിലെത്തി, ഒരു മണിയായിട്ടും ബസ് വന്നില്ല; കെഎസ്ആർടിസിക്ക് വൻ പണിയായി പരാതി, നഷ്ടപരിഹാരം നൽകണം

By Web Team  |  First Published Dec 3, 2024, 12:02 PM IST

മൂന്ന് മണിക്കൂറിലേറെ കാത്തുനിന്നിട്ടും ബസ് വന്നില്ല. ലഭ്യമായ നമ്പറിലെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്ന് യുവാവ്


മലപ്പുറം: ബസിന്‍റെ ഷെഡ്യൂൾ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെഎസ്ആർടിസിക്ക് പിഴ. സംഭവത്തിൽ പരാതി നൽകിയ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്.

വെളിമുക്ക് പാലക്കൽ സ്വദേശി അഭിനവ് ദാസാണ് പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 25ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് രാവിലെ പത്തിന് മൂവാറ്റുപുഴയിലേക്ക് പോകാൻ അഭിനവ് ദാസ് ലോഫ്‌ലോർ ബസിൽ 358 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ 9.30ന് ബസ് സ്റ്റോപ്പിൽ എത്തിയ പരാതിക്കാരൻ ഉച്ചക്ക് ഒരു മണി വരെ കാത്തിരുന്നെങ്കിലും ബസ് വന്നില്ല. ലഭ്യമായ നമ്പറിലെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടിയും കിട്ടിയില്ല.

Latest Videos

undefined

കാഴ്ചാപരിമിതിയുള്ള യാത്രക്കാരൻ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാൻ ഇടവന്നതിനെ തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ആറ്റുകാൽ പൊങ്കാല കാരണം വലിയ തിരക്കായതിനാൽ ചില ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നുവെന്നും ബുക്ക് ചെയ്തവരെ വിവരം അറിയിക്കാൻ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും കെഎസ്ആർടിസി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. ടിക്കറ്റ് തിരിച്ചുനൽകാൻ നടപടിയെടുത്തിട്ടുണ്ടെന്നും ബോധപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും കെഎസ്ആർടിസി വാദിച്ചു.

എന്നാൽ ഷെഡ്യൂൾ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ കമ്മീഷൻ മുമ്പാകെ പരാതി നൽകും വരെ ടിക്കറ്റ് തുക തിരിച്ചുനൽകുകയോ കെഎസ്ആർടിസി ചെയ്തില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 5000 രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്ത പക്ഷം നഷ്ടപരിഹാര തുകക്ക് 12 ശതമാനം പലിശയും നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്‍റെ ഉത്തരവിൽ പറയുന്നു.

പാർക്കിങ് ഫീ അടയ്ക്കാൻ അഞ്ച് മിനിറ്റിലധികം വൈകി; യുവതിക്ക് രണ്ട് ലക്ഷം രൂപ പിഴ, ലഭിച്ചത് 10 നോട്ടീസുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!