കാസർകോട് - മംഗളുരു ദേശീയപാതയിൽ പുലർച്ചെ പാചകവാതക ലോറി മറിഞ്ഞു

By Web Team  |  First Published Oct 16, 2019, 6:40 AM IST
  • കാസർകോട് അടുക്കത്ത് ബയൽ എന്ന ഇടത്ത് വച്ചാണ് ടാങ്കർ ലോറി മറിഞ്ഞത്
  • വാതകച്ചോർച്ചയുണ്ടായതിനാൽ കുടുംബങ്ങളെ ഒഴിപ്പിച്ചു
  • ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ്. 

കാസർകോട്: കാസർകോട് - മംഗളുരു ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ചയുണ്ടായി. കാസർകോട് അടുക്കത്ത് ബയലിനടുത്ത് വച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ നിന്ന് വാതകം ചോർന്നതിനാൽ അഗ്നിശമന സേന ഉടനെത്തി ചോർച്ച അടച്ചു. സമീപത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 

വാതകച്ചോർച്ചയുണ്ടായതിനാൽ സ്ഥലത്തുള്ള അടുക്കത്ത് ബയൽ ഗവ. യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Latest Videos

undefined

മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്നു ടാങ്കർ. അടുക്കത്ത് ബയലിലെ ഒരു വളവിൽ വച്ചാണ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെത്തുടർന്നുണ്ടായ വാതകച്ചോർച്ച അഗ്നിശമന സേന  താൽക്കാലികമായി അടച്ചു.തുടർന്ന് മംഗളൂരുവിൽ നിന്ന് റിക്കവറി വാൻ എത്തിച്ച് അപകടത്തിൽപ്പെട്ട ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ട്. 

ഈ വഴിയുള്ള റോഡ് ഗതാഗതം പൂർണമായും വഴി തിരിച്ചു വിട്ടിരിക്കുകയാണ്. നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളോട് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാതകം പൂർണമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഗതാഗതം പുനഃസ്ഥാപിക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്ത് പൊലീസും അഗ്നിശമനസേനയും തുടരുന്നുമുണ്ട്. ‍

click me!