കൊച്ചി കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. വൻ ഗതാഗത കുരുക്ക്.
കൊച്ചി: എറണാകുളത്ത് ബുള്ളറ്റ് ടാങ്കർ അപകടത്തിൽപെട്ടു. കളമശ്ശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനിൽ ഇടിച്ചാണ് ബുള്ളറ്റ് ടാങ്കർ മറിഞ്ഞത്. മേഖലയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽ അപായ സാധ്യത കണക്കിലെടുത്ത് വഴിയിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. ബുള്ളറ്റ് ടാങ്കറിന് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുകയാണ്.
പാചകവാതകവുമായി പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. പ്രാഥമിക പരിശോധനയിൽ ടാങ്കറിന് ചോർച്ചയില്ലെന്ന് വ്യക്തമായി. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. വാഹനത്തിൻ്റെ കാബിനിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്തുമാറ്റിയിട്ടുണ്ട്. വാതക ചോർച്ച ഇല്ലാത്തത് ആശ്വാസകരമാണ്. ഇരുമ്പനം ഭാഗത്ത് നിന്ന് വന്ന വാഹനമാണ് മീഡിയനിൽ തട്ടി മറിഞ്ഞത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
undefined
ബിപിസിഎല്ലിൽ നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ശേഷം അപകടത്തിൽപെട്ട വാഹനം ഇവിടെ നിന്ന് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഏലൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്.