കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യ നൽകിയില്ലെന്ന പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക് ഉത്തരവിട്ടത്. മറ്റൊരു കൈക്കൂലി കേസിൽ സസ്പെൻഷനിലാണ് ഡോ. വെങ്കിടഗിരി ഇപ്പോൾ.
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറായിരുന്ന വെങ്കിടഗിരിക്കെതിരെ നടപടിയെടുക്കാനുള്ള മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് അട്ടിമറിച്ചെന്ന് പരാതി. കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യ നൽകിയില്ലെന്ന പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക് ഉത്തരവിട്ടത്. മറ്റൊരു കൈക്കൂലി കേസിൽ സസ്പെൻഷനിലാണ് ഡോ. വെങ്കിടഗിരി ഇപ്പോൾ.
വാഹനാപകടത്തിൽ കൈക്ക് പരിക്കേറ്റ് കാസർകോട് ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ച പാറക്കട്ട സ്വദേശിയായ മുഹമ്മദ് ഷാസിബ് എന്ന 17 വയസുകാരനാണ് ദുരനുഭവമുണ്ടായത്. ഓപ്പറേഷൻ തീയറ്ററില് പ്രവേശിപ്പിച്ചിട്ടും കൈക്കൂലി നൽകാത്തതിനാല് ഡോ. വെങ്കിടഗിരി കുട്ടിക്ക് അനസ്തേഷ്യ നൽകാന് വിസമ്മതിക്കുകയായിരുന്നുവെന്നാണ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി. ഡോക്ടർക്കെതിരെ ഒരു മാസത്തിനകം അച്ചടക്ക നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ മാർച്ചിൽ ഉത്തരവിട്ടെങ്കിലും നടപ്പിലായില്ല.
കൈക്കൂലി കേസില്‍ സസ്പെൻഷനിലായിട്ടും കെജിഎംഒഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ വെങ്കിടഗിരിയെ തള്ളിപ്പറയുന്നില്ലെന്ന് കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ. ടിവി പത്മനാഭൻ ആരോപിച്ചു. അബ്ബാസ് എന്ന രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടിയിലായ ഡോ. വെങ്കിടഗിരി റിമാന്റിലായി ഇപ്പോൾ തലശേരി സബ് ജയിലിലാണുള്ളത്.