കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണ് ഇവിടെ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു.
കോഴിക്കോട്: കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്പുറം വളവില്‍ ബസ് റോഡിൽ തെന്നി നീങ്ങി. തെന്നി നീങ്ങിയ ബസ് റോഡിന് കുറുകെ നിന്നെങ്കിലും വന്‍ അപകടം ഒഴിവായി. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണ് ഇവിടെ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു.
റോഡ് അശാസ്ത്രീയമായാണ് നിര്‍മ്മിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ബസ് തെന്നി നീങ്ങിയതിന് പിറകെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യം ഉയർത്തിയിട്ടുള്ളത്.
അതേസമയം, ഇന്ന് കണ്ണൂരിലും കൊല്ലത്തുമായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരനാണ് മരണപ്പെട്ടത്. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു.
കൊല്ലത്ത് നിന്നാണ് മറ്റൊരു അപകട വാർത്ത. കൊല്ലം എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് സ്ത്രീയാണ് മരണപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ രാജേഷിനെ (25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും. ഇതിന് ശേഷം മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.