മാലിന്യത്തിൽ നിന്ന് മത്സ്യത്തീറ്റ; പട്ടാളപ്പുഴുക്കളെയിറക്കി സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

By Web Team  |  First Published Sep 27, 2024, 11:52 AM IST

പട്ടാള പുഴുവിന്റെ ലാർവ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ പ്രോട്ടീൻ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉൽപാദനത്തിൽ ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകുമെന്നും സിഎംഎഫ്ആർഐ


കൊച്ചി: പട്ടാളപ്പുഴുവിനെ (ബ്ലാക് സോൾജിയർ ഫ്‌ളൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്രം സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഉദ്ഘാടനം ചെയ്തു. സ്വച്ഛഭാരത് കാംപയിന്‍റെ ഭാഗമായി പച്ചക്കറി - മത്സ്യ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചത്. പട്ടാള പുഴുവിന്റെ ലാർവ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ പ്രോട്ടീൻ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉൽപാദനത്തിൽ ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകുമെന്നും സിഎംഎഫ്ആർഐ അറിയിച്ചു. 

കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനാണ്  ഉദ്ഘാടനം ചെയ്തത്. മനുഷ്യ ജീവിതത്തിന്‍റെ മുഴുവൻ തലങ്ങളെയും സ്പർശിക്കുന്ന രീതിയിലാണ് സ്വച്ഛ് ഭാരത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ വികസനക്കുതിപ്പിലാണ്. 2047ഓടെ വികസിത രാജ്യമായി മാറും. ഇത് മുന്നിൽ കണ്ട് വികസനത്തിന്റെ ഉപോൽപ്പന്നമായ മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന നിലക്കാണ് സ്വച്ഛഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.  

Latest Videos

undefined

പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം മാത്രം ആശ്രയിക്കുന്നതിനുള്ള ആശയമാണ് പ്രധാനമന്ത്രി വിഭാവനം ചെയ്ത ലൈഫ്‌ സ്റ്റൈൽ ഫോർ എൺവയൺമെന്റ് (ലൈഫ്). കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കാർബൺ ബഹിർഗമനം കുറക്കാൻ ഇതിലൂടെ കഴിയും. കടലിൽ കൃത്രിമ പാരുകൾ സ്ഥാപിക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി വരികയാണ്. മത്സ്യോൽപാദനം കൂട്ടാൻ ഇത് സഹായിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സ്വച്ഛഭാരത് സംരംഭങ്ങൾ ഫലപ്രദമാക്കാൻ ശാസ്ത്രീയ സമീപനമാണ് സിഎംഎഫ്ആർഐ സ്വീകരിച്ചുവരുന്നതെന്ന് ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സമുദ്രമത്സ്യ മേഖലയിൽ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാർബൺ സാങ്കേതിക വിദ്യകളും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛഭാരതുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പുസ്തകവും ജൈവമാലിന്യ സംസ്‌കരണ യൂണിറ്റിനെ കുറിച്ചുള്ള ബ്രോഷറും മന്ത്രി പ്രകാശനം ചെയ്തു.

'അന്ന് ഞാൻ പറഞ്ഞൊരു വാക്കുണ്ട്, കൈ തെളിയാൻ ഇനി വേറെ പൈസ കൊടുക്കേണ്ടിവരില്ല': സന്തോഷം പങ്കുവെച്ച് ഗണേഷ് കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!