രാത്രി ക്ഷേത്രത്തിനകത്ത് ശബ്ദം, ക്ഷേത്ര കമ്മറ്റിക്കാരും നാട്ടുകാരും എത്തിയപ്പോൾ മൂന്നുപേർ ചേർന്ന് കവർച്ചാ ശ്രമം
തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വെള്ളറട കാരക്കോണം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് ആണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രം കുത്തിത്തുടർന്ന് മോഷണം നടത്തുന്നതിനിടയിൽ പ്രതിയെ നാട്ടുകാർ പിടികൂടി. ക്ഷേത്രത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരൻ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് രണ്ടുപേർ ഓടി രക്ഷപ്പെടുകയും ഒരാളെ നാട്ടുകാർ പിടികൂടുകയും ചെയ്തു. സംഭവം അറിഞ്ഞ് വെള്ളറട പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ നിരവധി ക്ഷേത്രങ്ങളിലെ കവർച്ച കേസിലെ ഉൾപ്പെടുന്നവരാണെന്ന് പൊലീസിന് സംശയമുണ്ട്.
Read more: സുൽത്താനയുടെയും ഹാഫിസയുടെയും യാത്രയിലെ വഴികൾ കഠിനമാണ്, പക്ഷെ ലക്ഷ്യം 'സ്ട്രോങ്ങാണ്'!
അതേസമയം, മാന്നാറിൽ സൈക്കിൾ മോഷണക്കേസില്‍ റിമാൻഡിൽ ആയ പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി സ്ഥലങ്ങളിൽ നടത്തിയ മോഷണങ്ങൾ. കഴിഞ്ഞ ദിവസമാണ് മാന്നാറിൽ സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ മാന്നാർ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്കുമുറി കൈലാത്ത് വീട്ടിൽ സുബിൻ (27) അന്യസംസ്ഥാന തൊഴിലാളിയായ പശ്ചിമബംഗാൾ മാൾട്ട സ്വദേശി ഹാറൂൺ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മാന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ സൈക്കിളുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് സൈക്കിളുകൾ മോഷ്ടിച്ച വിവരങ്ങൾ പുറത്തുവരുന്നത്. മാന്നാറിന്റെ പ്രദേശങ്ങളിൽ മാത്രമല്ല ചെങ്ങന്നൂരിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇവർ സൈക്കിളുകൾ മോഷ്ടിച്ചുവെന്നാണ് ചോദ്യംചെയ്യലിൽ ലഭിക്കുന്ന വിവരം. ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 20 ഓളം സൈക്കിളുകൾ പ്രതികൾ വിറ്റ സ്ഥലത്ത് നിന്നും മാന്നാർ പൊലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.