ഹോട്ടലുകൾ പ്രൊഫഷണൽ ഡ്രൈവർമാരെ ക്രമീകരിക്കുകയോ, നിയുക്ത ഡ്രൈവർ സേവനങ്ങളുമായി ബന്ധപ്പെടുകയോ വേണം
കൊച്ചി: ബാർ ഹോട്ടലിൽ ന്യൂ ഇയർ പ്രോഗ്രാമിന് പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ ആർടിഒയുടെ നിർദ്ദേശം. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി, തങ്ങളുടെ ഹോട്ടൽ പരിസരത്ത് ബാറുകൾ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകളും ഇനിപ്പറയുന്നവ നടപ്പിലാക്കണമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആൻ ജി ഓ കെ മനോജ് നിർദ്ദേശം നൽകി.
1. ഹോട്ടലുകൾ പ്രൊഫഷണൽ ഡ്രൈവർമാരെ ക്രമീകരിക്കുകയോ, നിയുക്ത ഡ്രൈവർ സേവനങ്ങളുമായി ബന്ധപ്പെടുകയോ വേണം. ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ, പ്രോഗ്രാമിന് വരുന്നവർക്ക് ഹോട്ടലുകാർ മുൻകൂട്ടി നിർദ്ദേശം നൽകാനും ഡ്രൈവർമാരുടെ ആവശ്യം ഉള്ളവർ അത് നേരത്തെ തന്നെ അറേഞ്ച് ചെയ്യുകയും വേണം.
2. ഡ്രൈവർ സേവനങ്ങളുടെ ലഭ്യതയെക്കുറിച്ചും, മദ്യപിച്ച് വാഹനം ഓടിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും ഉപഭോക്താക്കളോട് വ്യക്തമായ ആശയവിനിമയം നടത്തണം. അത് ഹോട്ടലുകളിൽ ശരിയായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
3. ഡ്രൈവർ സേവനം ലഭിച്ച കസ്റ്റമർ അക്നോളജ്മെന്റുകൾക്കൊപ്പം, സേവനങ്ങൾ നൽകിയിട്ടുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ സൂക്ഷിക്കണം. ഈ രജിസ്റ്റർ അധികാരികളുടെ അഭ്യർത്ഥന പ്രകാരം പരിശോധനയ്ക്ക് ലഭ്യമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആർ ടി ഓ ഓഫീസേർസ് ആയ വിനോദ് കുമാർ എൻ, എംവിഐ (9188961260), അരുൺ പോൾ, എഎംവിഐ (9188961141) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
4. ഉപഭോക്താക്കൾ ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാൻ വിസമ്മതിക്കുകയും, മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ, ഹോട്ടൽ മാനേജ്മെന്റ് ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ, ആർ ടി ഒ എൻഫോഴ്സ് അതോറിറ്റിയെയോ അറിയിക്കണം.
5. ഈ നിർദ്ദേശം പാലിക്കാത്തപക്ഷം മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988, മറ്റ് ബാധകമായ നിയമങ്ങൾ എന്നിവയുടെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം നിയമനടപടി സ്വീകരിക്കും.