ഭാര്യയുടെ സഹപാഠിയെ പറഞ്ഞ് പേടിപ്പിച്ചു; മുറ്റത്ത് 2 പൊതി കൊണ്ടിട്ടു, പണം തന്നില്ലെങ്കിൽ...; അവസാനം കുടുങ്ങി

By Web Team  |  First Published Nov 4, 2023, 11:40 AM IST

താൻ പൊലീസാണെന്നാണ് ഫായിസ് ഇവരെ വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ പരിചയക്കാരനായ യുവാവ് ലഹരിക്കേസിൽ ഉൾപ്പെട്ടയാളായതിനാൽ പൊലിസ് അന്വേഷിക്കുന്നുണ്ടെന്നും യുവതിയും കേസിൽ പ്രതിയാകുമെന്നും ഭയപ്പെടുത്തിയാണ് ആദ്യം പണം വാങ്ങിയത്.


മലപ്പുറം: ലഹരിക്കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസിന് കൊടുക്കാനെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. മമ്പുറം വെട്ടത്ത് സ്വദേശിയും പുകയൂരിൽ താമസക്കാരനുമായ പുളിക്കത്തോടി ഫായിസ് (22) ആണ് പിടിയിലായത്. പൊലീസ് സ്‌ക്വാഡിലെ അംഗമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയത്. ഫായിസിന്റെ ഭാര്യയുടെ സഹപാഠിയും മമ്പുറം അരീത്തോട് പാഞ്ഞ് ലാന്തറ സ്വദേശിനിയുമായ ഇരുപതുകാരിയാണ് പരാതിക്കാരി.

താൻ പൊലീസാണെന്നാണ് ഫായിസ് ഇവരെ വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ പരിചയക്കാരനായ യുവാവ് ലഹരിക്കേസിൽ ഉൾപ്പെട്ടയാളായതിനാൽ പൊലിസ് അന്വേഷിക്കുന്നുണ്ടെന്നും യുവതിയും കേസിൽ പ്രതിയാകുമെന്നും ഭയപ്പെടുത്തിയാണ് ആദ്യം പണം വാങ്ങിയത്. പിന്നീട് യുവതിയുടെ ബന്ധുവിന്‍റെ സിം കാർഡ് ഉപയോഗിച്ച് ബംഗളൂരുവിൽ നിന്ന് വായ്പ എടുത്തത് അടച്ചില്ലെങ്കിൽ കേസാകുമെന്നും പറഞ്ഞ് വീണ്ടും പണം വാങ്ങി.

Latest Videos

പിന്നീട്, യുവതിയുടെ വീട്ടുമുറ്റത്ത് രണ്ട് പാക്കറ്റ് കൊണ്ടുവന്നിട്ട ശേഷം ഇവിടെ നിന്നും ലഭിച്ച ലഹരി വസ്തുവാണെന്നും കേസിൽ പ്രതിയാകാതിരിക്കാൻ പൊലീസിന് പണം നൽകണമെന്നും പറഞ്ഞ് പണം വാങ്ങി. ഇത്തരത്തിൽ അഞ്ചര പവൻ സ്വർണമടക്കം അഞ്ച് ലക്ഷം രൂപ ഇയാൾ കൈപ്പറ്റി. പിന്നീടാണ് ഫായിസ് പൊലിസല്ലെന്ന് യുവതി അറിഞ്ഞത്. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ പൊലീസ് സംഘത്തിന്റെ ഇർഫോർമറായി പ്രവർത്തിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, അതിവിദഗ്ധമായി വ്യാജ ആധാര്‍ നിര്‍മിച്ച് ഫാന്‍സി നമ്പറിലുള്ള സിം കാര്‍ഡുകള്‍ കരസ്ഥമാക്കി മറിച്ചുവിറ്റ യുവാവും വയനാട്ടില്‍ പിടിയിലായിരുന്നു. വയനാട് സൈബര്‍ സെല്‍ പിടികൂടി. കണ്ണൂര്‍ സ്വദേശിയുടെ പേരില്‍ വ്യാജ ആധാര്‍ നിര്‍മിച്ച് ഇദ്ദേഹത്തിന്റെ പേരിലുള്ള ഫാന്‍സി സിം നമ്പര്‍ കരസ്ഥമാക്കി ലക്ഷങ്ങള്‍ വിലയിട്ട് മറിച്ചു വില്‍പ്പന നടത്തിയെന്ന കേസില്‍ കര്‍ണാടക ചിക്ക്ബെല്ലപ്പൂര്‍ സ്വദേശിയായ ഹാരിഷ് (27) ആണ് പിടിയിലായത്. കല്‍പ്പറ്റ ബി എസ് എന്‍ എല്‍ അധികൃതരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കുടിച്ച് 'ലക്കും ലഗാനുമില്ല'; വഴിയോര വണ്ടിക്കടയിലേക്ക് മൂത്രമൊഴിച്ച് പൊലീസുകാരൻ, വീഡിയോ പുറത്ത്; കടുത്ത നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!