സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കുളം നിർമാണത്തിന്റെ കരാറുകാരൻ. സംഭവം വിവാദമായതോടെ രേഖകൾ ഹാജരാക്കാൻ സ്ഥലം ഉടമയോട് തഹസിൽദാർ ആവശ്യപ്പെട്ടു.
കൽപ്പറ്റ: ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വൈത്തിരിയിലെ വയൽ നികത്തലിൽ നടപടിയുമായി അധികൃതർ. പ്രവൃത്തികൾ നിർത്തിവെക്കാൻ വൈത്തിരി തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി. കുളം കുഴിക്കലും വയൽ നികത്തിലും നിർത്തിവെക്കാനും തഹസിൽദാർ നിർദേശിച്ചു. തഹസിൽദാരും വില്ലേജ് ഓഫീസർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയുണ്ടായത്. വയനാട് വൈത്തിരിയിൽ മത്സ്യകൃഷിക്ക് കുളം നിർമ്മിക്കാൻ എന്ന പേരിൽ വയൽ നികത്തുന്ന പ്രവൃത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കുളം നിർമാണത്തിന്റെ കരാറുകാരൻ. സംഭവം വിവാദമായതോടെ രേഖകൾ ഹാജരാക്കാൻ സ്ഥലം ഉടമയോട് തഹസിൽദാർ ആവശ്യപ്പെട്ടു. ആഴ്ചകളായി ഈ ഭീമൻ കുളത്തിനായി വയൽ കുഴിക്കാൻ തുടങ്ങിയിട്ട്. രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ചേർന്ന് നിരന്തരം കുഴിക്കുന്നു. 75 മീറ്റർ നീളത്തിൽ 35 മീ. വീതിയിൽ ആണ് കുളം നിർമാണം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് വലിയൊരു പ്രദേശം വയൽ നികത്തിയെടുക്കുകയാണ്. ഒരു വകുപ്പിൻ്റെയും അനുമതി ഇല്ലാതെയാണ് ഈ നിർമാണം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാനിബ് ആണ് നികത്തലിന്റെ കരാറുകാരൻ. മത്സ്യകൃഷിയാണ് ഉദ്ദേശമെന്നും പ്രത്യേകിച്ച് അനുമതി ഒന്നും തേടിയിട്ടില്ലെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി പറയുന്നു. പരിസ്ഥിതി ലോല മേഖലയായ വൈത്തിരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പോലും കർശന നിബന്ധനകൾ നിലവിലുണ്ട്. അതിനിടയിലാണ് അനുമതിപോലും നേടാതെ വയൽ നികത്തുന്നത്. വയൽ നികത്തൽ വാർത്ത പുറത്തുവന്നത് പിന്നാലെ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചിരുന്നു.