കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം.
കണ്ണൂർ: കേരളത്തിലെ ഏക മുസ്‍ലിം രാജവംശമായിരുന്ന അറയ്ക്കൽ കുടുംബത്തിലെ സുൽത്താന ആദിരാജ മറിയം അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. ചെറിയ ബീകുഞ്ഞി ബീവിഎന്ന മറിയം അറക്കൽ രാജ കുടുംബത്തിലെ നാൽപതാമത് സ്ഥാനിയാണ്.
പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഭരണം നയിച്ച്, നൂറ്റാണ്ടുകൾ കണ്ണൂർ, ലക്ഷദ്വീപ്, മാലിദ്വീപ് അധികാര കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകിയ അറക്കൽ രാജവംശത്തിന്റെ നാൽപതാമത് സുൽത്താനയാണ് വിടവാങ്ങിയത്. 39 മത്തെ സുല്‍ത്താന അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്ന് രണ്ട് വർഷം മുമ്പാണ് ചെറിയ ബീകുഞ്ഞി ബീവിഎന്ന മറിയം ഈ സ്ഥാനത്തേക്ക് എത്തിയത്. കണ്ണൂരിലെ ഖാളി സ്ഥാനവും, പള്ളികളുടെ നേതൃസ്ഥാനവും , അറക്കൽ കുടുംബ സ്വത്തുകളുടെയും പൈതൃക ശേഷിപ്പുകളുടെയും അധികാരവും സുൽത്താനയ്ക്കാണ്.
undefined
മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫീസറായി വിരമിച്ച എ.പി ആലിപ്പിയാണ് ഭർത്താവ്. ചെറിയ ബീകുഞ്ഞി ബീവിയുടെ ഖബറടക്കം രാത്രി സിറ്റി ജുമാ മസ്ജിദിൽ നടക്കും. ഭരണാധികാരം ഇല്ലെങ്കിലും മലബാറിലെ മുസ്ളിം കുടുംബങ്ങൾക്കിടയിൽ ഇന്നും ഏറെ പ്രാധാന്യമുള്ള കുടുംബമാണ് അറക്കൽ രാജ കുടുംബം. കുടുംബത്തിലെ ഏറ്റവും മുതിർന്ന ആളെ അടുത്ത സുൽത്താനയായി ഉടൻ നിയമിക്കും.
Read More: അറയ്ക്കൽ രാജ കുടുംബത്തിൽ അധികാര മാറ്റം: ആദിരാജ മറിയുമ്മ സ്ഥാനമേറ്റു