ഹരിപ്പാട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിലൂടെ വിവാഹം നടത്തിയവരുടെ വാർത്തകൾ പുറത്തുവരികയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹം കേരളത്തിലും നടക്കാൻ പോകുകയാണ്. ഉത്തർപ്രദേശിലുള്ള അഞ്ജനയുടെയും ചങ്ങനാശേരി സ്വദേശി ശ്രീജിത്തിൻ്റെയും വിവാഹമാണ് വീഡിയോ കോളിലൂടെ നടക്കാൻ പോകുന്നത്. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 -15 നും 12.45നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹം.
പള്ളിപ്പാട്ട് കൊടുന്താറ്റ് പങ്കജാക്ഷൻ ആചാരിയുടെയും ശ്രീകാന്തയുടെയും മകൾ അഞ്ജന ഉത്തർപ്രദേശിലെ ലഖ്നൗവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ചങ്ങനാശ്ശേരി പുഴവാത് കാർത്തികയിൽ നടേശൻ ആചാരിയുടെയും കനകമ്മയുടെയും മകനായ ശ്രീജിത്ത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാനും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ചിരുന്ന വിവാഹം അതേ മുഹൂർത്തത്തിൽ തന്നെ നടത്താൻ ഇരു വീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ 9നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അതിന് ശേഷം അമ്മയ്ക്കും സഹോദരനുമൊപ്പം അഞ്ജന ജോലി സ്ഥലമായ ലഖ്നൗവിലേക്ക് മടങ്ങി. കല്യാണ ഒരുക്കങ്ങൾക്കായി ഏപ്രിൽ ആദ്യ ആഴ്ച നാട്ടിലേക്ക് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മഹാമാരിമൂലം പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യത്തിൽ നിശ്ചയിച്ച മൂഹൂർത്തത്തിൽ തന്നെ താലികെട്ട് നടത്തണമെന്ന വധുവിൻ്റെ വീട്ടുകാരുടെ ആഗ്രഹം ശ്രീജിത്തിൻ്റെ കുടുംബം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.
26 ന് രാവിലെ ശ്രീജിത്തും അടുത്ത ബന്ധുക്കളായ 4 പേരും വധൂഗ്രഹമായ പള്ളിപ്പാട് എത്തും. നാട്ടിലുള്ള അഞ്ജനയുടെ അച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് മതാചാരപ്രകാരം സ്വീകരിക്കും. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ വരൻ പള്ളിപ്പാട്ടും വധു കല്യാണ വേഷത്തിൽ ലക്നോവിലും. തുടർന്ന് വീഡിയോ കോളിലൂടെ നിശ്ചയിച്ച മുഹൂർത്തത്തിൽ വരൻ താലി ചാർത്തുന്നതായി കാണിക്കും ആ സമയത്ത് തന്നെ വധു അവിടെ തയ്യാറാക്കി വച്ചിരുക്കുന്ന പ്രത്യേക താലി ചരട് കഴുത്തിൽ കെട്ടും.
അജ്ഞനയുടെ അച്ഛൻ പങ്കജാക്ഷൻ ലഖ്നൗവിൽ ഹിന്ദുസ്ഥാൻ എയറോട്ടിക്കലിലും അമ്മ ശ്രീകാന്ത പവർ ഗ്രിഡിലെയും ജീവനക്കാരായിരുന്നു. അജ്ഞന പഠിച്ചതും വളർന്നതും അവിടെ തന്നെയാണ്. സഹോദരൻ വിനയശങ്കർ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ശ്രീജിത്തിൻ്റെയും അജ്ഞനയുടെ വിവാഹത്തിന് മുൻപായി മതാചാരപ്രകാരമുള്ള പൊന്നുരുക്ക് കർമ്മം ബുധനാഴ്ച നടക്കും. ലോക്ക് ഡൗൺ തീർന്നതിന് ശേഷം നാട്ടിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുചേർത്ത് വിവാഹ സത്കാരം നടത്താനാണ് ഇരു വീട്ടുകാരുടെയും തീരുമാനം.