പുതിയ ക്ഷേത്ര മുഖ്യപൂജാരിണിയായ അമ്മ സാവിത്രി അന്തർജനത്തെ കാണാനായി രാവിലെ ക്ഷേത്രത്തിൽ എത്തി. കർമ്മങ്ങൾ നടക്കുന്നത് മൂലം അമ്മയെ കാണാൻ സാധിച്ചില്ല എങ്കിലും ക്ഷേത്രദർശനം നടത്തി.
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയതിന്‍റെ സന്തോഷം പങ്കുവെച്ച് എ എം ആരിഫ് എംപി. വർഷങ്ങളായി മുടങ്ങാതെ മണ്ണാറശാല ആയില്യത്തിന് എത്തി ക്ഷേത്ര ദർശനം നടത്തുനതും, അമ്മയുടെ അനുഗ്രഹം വാങ്ങുന്നതും പതിവാണെന്ന് ആരിഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ അടുത്ത നാളിലാണ് മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം സമാധിയായത്. അതുകൊണ്ട് ഇത്തവണ പൊതുവെ ആഘോഷങ്ങൾ കുറവാണ്. പുതിയ ക്ഷേത്ര മുഖ്യപൂജാരിണിയായ അമ്മ സാവിത്രി അന്തർജനത്തെ കാണാനായി രാവിലെ ക്ഷേത്രത്തിൽ എത്തി. കർമ്മങ്ങൾ നടക്കുന്നത് മൂലം അമ്മയെ കാണാൻ സാധിച്ചില്ല എങ്കിലും ക്ഷേത്രദർശനം നടത്തി. എല്ലാവർക്കും മണ്ണാറശാല ആയില്യം ആശംസകളും അദ്ദേഹം നേര്‍ന്നു.
മണ്ണാറശാല ക്ഷേത്ര ഐതിഹ്യം
ഖാണ്ഡവവനത്തില്‍ തീയ് കിഴക്കോട്ട് പടര്‍ന്ന് പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠ നടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാര്‍ കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്‌നിയുടെ തീവ്രമായ ജ്വലനത്താല്‍ മണ്ണിന് ചൂടുപിടിച്ചു. അഗ്‌നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാര്‍ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവന്‍ ഇനി മുതല്‍ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചു പറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സര്‍പ്പം തുള്ളല്‍.
കാര്‍ത്തികപള്ളി താലൂക്കില്‍ ഡാണാപ്പടിയില്‍ മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നത് സാധാരണമാണ്. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കര്‍മ്മങ്ങളും നടത്തുന്നുണ്ട്.