
ആലപ്പുഴ: ആലപ്പുഴയുടെ കയർ പെരുമ ഇന്ത്യൻ റെയിൽവേയിലേക്ക് കൂടി വ്യാപിക്കുകയാണ്. മണ്ണൊലിപ്പ് തടയാൻ ട്രാക്കുകൾക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ചിരിക്കുകയാണ് റെയിൽവേ. കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ പദ്ധതി ആവിഷ്കരിച്ചു. വലിയ വിപണി സാധ്യതയാണ് കയർ മേഖലയ്ക്ക് ഇതുവഴി റെയിൽവേ തുറന്ന് വയ്ക്കുന്നത്.
റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള മണ്ണൊലിപ്പ് തടയാനും മെറ്റലുകൾ ഊർന്നു പോകുന്നത് ഒഴിവാക്കാനുമാണ് കയർ ഭൂവസ്‌ത്രങ്ങൾ വിരിക്കുന്നത്. നിലവിൽ കൊല്ലത്തെ ഇടവ, പെരുമൺ, കാപ്പിൽ, മയ്യനാട്, മൺറോതുരുത്ത്, കല്ലടയാർ, ഇടച്ചാൽ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കുകൾക്ക് സമീപം കയർ ഭൂവസ്‌ത്രങ്ങൾ പാകിയിട്ടുണ്ട്. കൊല്ലം, കണ്ണൂർ, നേമം എന്നിവിടങ്ങളിൽ ഉടൻ കയർ ഭൂവസ്ത്രങ്ങൾ വിരിക്കാനും തീരുമാനമായിട്ടുണ്ട്.
മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള ആലോചനയിലാണ് റെയിൽവേ. കൂത്താട്ടുകുളം ആസ്ഥാനമായ സുരഭി എർത്ത് മൂവേഴ്സാണ് കയർഭൂവസ്ത്രങ്ങൾ വിരിക്കുന്നതിന് കരാർ എടുത്തത്. നൂറു വർഷത്തെ പാരമ്പര്യമുള്ള ചേർത്തലയിലെ സ്വകാര്യ കയർഉത്പന്ന നിർമ്മാതാക്കളായ കാരങ്ങാട്ട് കയർ മാനു ഫാക്ചറിങ് യൂണിറ്റാണ് റെയിൽവെയ്ക്ക് ആവശ്യമായ കയർ ഭൂവസ്ത്രങ്ങൾ നിർമ്മിക്കുന്നത്.
കനം കുറഞ്ഞ ചെറിയ നാരുകളുള്ള കയർ ഭൂവസ്ത്രമാണ് റെയിൽവേ പ്രോജക്ടുകൾക്ക് ആവശ്യം. ഇവ തടസം കൂടാതെ ഓർഡർ അനുസരിച്ച് പെട്ടന്ന് നിർമിച്ചു നൽകുന്നു എന്നതിനാലാണ് സ്വകാര്യ കയർ ഉത്പന്ന നിർമ്മാണ മേഖലയെ കരാർ കമ്പനികൾ ആശ്രയിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും, റെയിൽവേ ട്രാക്കുകൾ സംരക്ഷിക്കുന്നതിനും വിജയകരമായി നടപ്പാക്കിയ പദ്ധതി രാജ്യത്തുടനീളം ആവിഷ്കരിക്കുകയാണെങ്കിൽ കയർ മേഖലയ്ക്ക് വലിയ വിപണി സാധ്യത യാണ് റെയിൽവേ തുറന്നുവെയ്ക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam