വേനൽ മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച് കാറ്റും; കൊല്ലം ജില്ലയിൽ വ്യാപക കൃഷി നാശം

By Web Team  |  First Published Apr 8, 2023, 1:38 PM IST

അഞ്ചൽ തടിക്കാട് ഹരിത സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്ന 700 ഏത്തവാഴകളാണ് മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ ഒടിഞ്ഞു വീണത്.


കൊല്ലം : വേനൽ മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച കാറ്റിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക കൃഷി നാശം. അഞ്ചൽ, നിലമേൽ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലെ വാഴകൃഷിയാണ് പ്രധാനമായും നശിച്ചത്. വലിയ നഷ്ടമുണ്ടായതോടെ കൃഷിഭവനിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കർഷക‌ർ. കടുത്ത വേനലിന് ആശ്വാസമായി എത്തിയ മഴ കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ കര്‍ഷകർക്ക് നൽകിയത് താങ്ങാൻ കഴിയാത്ത നഷ്ടം. അഞ്ചൽ തടിക്കാട് ഹരിത സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്ന 700 ഏത്തവാഴകളാണ് മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ ഒടിഞ്ഞു വീണത്. വിളവെടുപ്പിന് പാകമായ ഏത്തവാഴകളാണ് നശിച്ചത്.

നിലമേൽ കരിന്തലക്കോട് യുവ കര്‍ഷകനായ ബിജു ഒന്നരയേക്കർ ഭൂമിയാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. മഴയിൽ ബിജുവിന്റെ 1100 നേന്ത്രവാഴ നിലം പൊത്തി. 7 ലക്ഷം രൂപ വിറ്റു വരവ് പ്രതീക്ഷിച്ചിരിക്കെയാണ് ഈ നാശനഷ്ടം. കൊട്ടാരക്കരയിൽ കുളക്കട, പത്തനാപുരം എന്നിവിടങ്ങിളിലും വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കൃഷിഭവനിൽ നിന്നുള്ള സഹായം ലഭിച്ചില്ലെങ്കിൽ വലിയ കടക്കെണിയിലാകുമെന്നാണ് കര്‍ഷകർ പറയുന്നത്. മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം.

Latest Videos

Read More : ഷാരൂഖ് സെയ്ഫിയുടെ പിന്നിൽ ആര്? പെട്രോൾ വാങ്ങുന്നതിലടക്കം കൃത്യമായ ആസൂത്രണം, ഗുഢാലോചന നടന്നോയെന്ന് പരിശോധിക്കും

click me!