ക്ലബ്ബ് ഭാരവാഹികളുടെ വ്യാജ ഒപ്പിട്ടാണ് അക്കൗണ്ട് പണം തട്ടിയെടുത്തത്. പിന്നീട് ഇത് കണ്ടെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ രാമവർമ്മ ക്ലബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ചെക്കിൽ വ്യാജ ഒപ്പിട്ട് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിലാണ് നടപടി. രാമവർമ്മ ക്ലബ് മുൻ അക്കൗണ്ടന്റ് വടക്കനാര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ് ജീവൻകുമാർ പിടിയിലായി. ഒരു വർഷത്തോളമായി ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. രാമവർമ്മ ക്ലബിൽ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റന്റായും, തുടർന്ന് 2022 വരെ അക്കൗണ്ടന്റായും പ്രതി പ്രവർത്തിച്ചിരുന്നു. ഇക്കാലയളവിലാണ് ക്ലബിന് ആലപ്പുഴ ധനലക്ഷ്മി ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ചിൽ ഉണ്ടായിരുന്ന വിവിധ അക്കൗണ്ടുകളിൽ നിന്ന് ഭാരവാഹികളുടെ വ്യാജ ഒപ്പ് പതിച്ച് 28,30,188 രൂപ മാറ്റിയത്. പിന്നീട് ഇത് സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം