അടത്താപ്പ് കിഴങ്ങ് തീൻമേശയിൽ തിരിച്ചെത്തുന്നു; ഔഷധ​ഗുണങ്ങളാൽ സമ്പന്നം, രുചികരം

By Web Team  |  First Published Sep 16, 2022, 7:40 PM IST

പുതുതലമുറക്ക് അത്രയൊന്നും പരിചിതമല്ലാത്ത അടത്താപ്പ് ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ അടുക്കളകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഒറ്റനോട്ടത്തിൽ കാച്ചിലോ ഉരുളക്കിഴങ്ങോ ആണെന്നു തോന്നാം. ഇലയിലും കായിലുമുണ്ട് ഇവയുമായി സാദൃശ്യം. എന്നാൽ മണ്ണിനടിയിലല്ല പടർന്നുകിടക്കുന്ന വള്ളികളിലാണ് കിഴങ്ങ് വിളയുന്നത്. 


ചാരുംമൂട്: ഒരുകാലത്ത് നാട്ടിൻപുറത്തെ അടുക്കളകളിൽ കറി വിഭവമായിരുന്ന അടത്താപ്പ് കിഴങ്ങ് തീൻമേശയിലേക്ക് തിരിച്ചെത്തുന്നു. മാതൃക കൃഷി പരീക്ഷണങ്ങളിൽ വിജയം കൊയ്ത് സംസ്ഥാന ജില്ലാതലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ മുതുകാട്ടുകര സൽമാൻ മൻസിൽ റൂബീന എന്ന വീട്ടമ്മയാണ് അന്യം നിന്നുപോയ അടത്താപ്പ് കൃഷിയിൽ വിജയഗാഥ രചിക്കുന്നത്. 

ജീവിതശൈലീരോഗങ്ങളാൽ പൊറുതിമുട്ടുന്ന ഇക്കാലത്ത് കാച്ചിൽവർഗത്തിൽപ്പെട്ട, ഔഷധഗുണമേറിയ അടത്താപ്പ് വീണ്ടും തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാലമേൽ കൃഷിഭവന്റെ കീഴിലുള്ള കർഷകയായ റുബീന തന്റെ വീടിനോട് ചേർന്നുള്ള 15 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയിരിക്കുന്നത്. നാല് വർഷത്തിനു മുമ്പ് ഒരു സുഹൃത്ത് സമ്മാനമായി നൽകിയ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. വീടിനു ചുറ്റും പടർന്ന് പന്തലിച്ച കൃഷിയിൽ വൻവിളവാണ് ലഭിക്കുന്നത്. 

Latest Videos

undefined

പുതുതലമുറക്ക് അത്രയൊന്നും പരിചിതമല്ലാത്ത അടത്താപ്പ് ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ അടുക്കളകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഒറ്റനോട്ടത്തിൽ കാച്ചിലോ ഉരുളക്കിഴങ്ങോ ആണെന്നു തോന്നാം. ഇലയിലും കായിലുമുണ്ട് ഇവയുമായി സാദൃശ്യം. എന്നാൽ മണ്ണിനടിയിലല്ല പടർന്നുകിടക്കുന്ന വള്ളികളിലാണ് കിഴങ്ങ് വിളയുന്നത്. കൃഷിയിടങ്ങളിലും വനത്തിലും സമൃദ്ധമായി വിളഞ്ഞിരുന്ന ഇവ ഇടക്കാലത്ത് അപ്രത്യക്ഷമായി. ഉരുളക്കിഴങ്ങിന് സ്വീകാര്യത ഏറിയതോടെയാണ് അടത്താപ്പ് കൃഷി ഇല്ലാതാകുന്നത്. ഉരുള കിഴങ്ങിന് പകരമായി നമ്മുടെ പൂർവികർ അടത്താപ്പ് ആയിരുന്നു ഉപയോഗിച്ചത്. 

അന്നജം, പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമൃദ്ധമാണ് അ‌ടത്താപ്പ് കിഴങ്ങ്. കാൽമുട്ട് വേദനയ്ക്കും മറ്റും ഇത്  ഉത്തമമെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.  അടത്താപ്പ് കഴിച്ചാൽ ശരീരത്തിൽ ഫ്ളൂയിഡ് ഉല്പാദനം കൂടുകയും മുട്ടുവേദന ശമിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. കാച്ചിൽ വർഗത്തിൽപ്പെട്ട വള്ളിച്ചെടിയാണ് അടത്താപ്പ്. കറിവച്ചാൽ ഉരുളക്കിഴങ്ങിലും രുചിയേറും. നവംബർ, ഡിസംബർ മാസങ്ങളിലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്. ഒരുപാട് കർഷകർ ഇന്ന് അടത്താപ്പ് കൃഷി ചെയ്തു വരുന്നുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമായി ഉപയോഗിക്കാം. 

മരത്തിനുമുകളിലോ പ്രത്യേകം പന്തലിട്ടോ ആണ് ഇവയുടെ വള്ളി വളർത്തുന്നത്. വള്ളികൾ ഇടത്തോട്ട് മാത്രമേ വളരൂ. കിഴങ്ങിന് 100ഗ്രാം മുതൽ ഒന്നര കിലോ വരെ തൂക്കം വരും. ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. മൂപ്പെത്തിയാൽ അടത്താപ്പ് വള്ളികളിൽനിന്ന് അടർന്നുവിഴും. അതാണ് വിത്തിന് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് കൃഷിയെ സ്നേഹിക്കുന്ന നിരവധി പേർക്ക് അടത്താപ്പിന്റെ വിത്തുകൾ നൽകിയിട്ടുണ്ടെന്ന് റുബീന പറയുന്നു. അന്യം നിന്ന് പോയ നിരവധി കാർഷിക വിളകളെ കാലഘട്ടത്തിന്റെ മാറ്റതിനനുസരിച്ച് വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിലാണു റൂബീന ഷിബു. 

Read Also: ഷുഗർ നിയന്ത്രിക്കാൻ തുളസിയില സഹായകമോ? അറിയാം...


 

click me!