പള്ളുരുത്തി സ്വദേശി ആദം ജോ ആന്‍റണിയെ കാണാതായിട്ട് ഇന്നേക്ക് 58 ദിവസം കഴിഞ്ഞു. കേരളത്തിനകത്തും പുറത്തും വ്യാപക അന്വേഷണം നടത്തിയെന്ന് പൊലീസ് പറയുമ്പോഴും ആദം എവിടെയെന്നതില്‍ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.
കൊച്ചി: പള്ളുരുത്തിയില്‍ നിന്ന് കാണാതായ ഇരുപതുകാരന്‍ ആദം ജോ ആന്‍റണിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കുടുംബം ഇന്നലെ സിറ്റി പൊലീസ് കമ്മീഷണറെ കണ്ടു. പൊലീസിന്‍റെ അലംഭാവമാണ് ആദത്തെ കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്നാരോപിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.
ഫോണോ പഴ്സോ എടിഎം കാര്‍ഡോ ഒന്നുമെടുക്കാതെ ഒരു പുലരിയില്‍ ഒരു സൈക്കിളില്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയതാണ് ആദം. പള്ളുരുത്തി സ്വദേശി ആദം ജോ ആന്‍റണിയെ കാണാതായിട്ട് ഇന്നേക്ക് അമ്പത്തിയെട്ട് ദിവസം കഴിഞ്ഞു. കേരളത്തിനകത്തും പുറത്തും വ്യാപക അന്വേഷണം നടത്തിയെന്ന് പള്ളുരുത്തി പൊലീസ് പറയുമ്പോഴും ആദം എവിടെയെന്നതില്‍ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.
പൊലീസ് വീഴ്ച ആരോപിച്ചാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പള്ളുരുത്തി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രത്യേക സംഘത്തെ നിയോഗിച്ച് ആദത്തിനായി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാക്കുകയാണ് സ്ഥലം എംപി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍. ഹിമാലയത്തിലേക്കുളള യാത്രാ വഴികളെ കുറിച്ച് ആദം തന്‍റെ ഫോണില്‍ സെര്‍ച്ച് ചെയ്തിരുന്നു എന്ന വിവരം പൊലീസിന് കിട്ടിയിരുന്നെങ്കിലും ആ വഴിക്ക് കാര്യമായ അന്വേഷണം നടന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
കൊച്ചി കപ്പല്‍ശാലയ്ക്കരികില്‍ നിന്നാണ് ആദത്തിന്‍റേതായ അവസാന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്. അതിന് ശേഷം ആദത്തിന്‍റേതായ ദൃശ്യങ്ങളൊന്നും നഗരത്തിലോ പുറത്തോ ഉളള ഒരു സിസിടിവിയില്‍ നിന്നു പോലും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.