പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങില്‍ പ്രമോദ് പെരിയ പങ്കെടുത്ത ഫോട്ടോ വിവാദമായതിന് പിന്നാലെയാണ് നടപടി.
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയയെ സ്ഥാനത്ത് നിന്ന് നീക്കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല.
പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങില്‍ പ്രമോദ് പെരിയ പങ്കെടുത്ത ഫോട്ടോ വിവാദമായതിന് പിന്നാലെയാണ് ഡിസിസി പ്രസിഡൻ്റിന്‍റെ നടപടി. വരൻ ഡോ. ആനന്ദ് കൃഷ്ണൻ ക്ഷണിച്ചിട്ടാണ് താൻ കല്യാണത്തിൽ പങ്കെടുത്തതെന്നായിരുന്നു പ്രമോദ് പെരിയ വിശദീകരണം. വേറെയും കോൺഗ്രസ് നേതാക്കൾ കല്യാണത്തിൽ പങ്കെടുത്തിരുന്നെന്നും തൻ്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചു.
2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതടക്കം വിവാദമായിരുന്നു.