സ്വർണത്തോടല്ല, വെള്ളിയോട് കമ്പം; നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് വെള്ളി ആഭരണങ്ങൾ കവർന്ന പ്രതി പൊലീസ് വലയിൽ

By Web TeamFirst Published Sep 9, 2024, 11:48 PM IST
Highlights

നേപ്പാൾ അതിർത്തിയിൽ നിന്നാണ് ധർമേന്ദ്ര സിങ് എന്ന മോഷ്ടാവിനെ വലയിലാക്കിയത്. നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് എട്ട് കിലോയോളം വെള്ളി കവർന്ന കേസിലാണ് അറസ്റ്റ്.

കണ്ണൂർ: വെള്ളി ആഭരണങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന ബിഹാർ സ്വദേശിയെ പിടികൂടി കണ്ണൂർ ടൗൺ പൊലീസ്. നേപ്പാൾ അതിർത്തിയിൽ നിന്നാണ് ധർമേന്ദ്ര സിങ് എന്ന മോഷ്ടാവിനെ വലയിലാക്കിയത്. നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് എട്ട് കിലോയോളം വെള്ളി കവർന്ന കേസിലാണ് അറസ്റ്റ്.

രാജ്യത്താകെ പല കേസുകളിൽ പ്രതിയാണ് ബിഹാറുകാരനായ ധർമേന്ദ്ര. രണ്ട് തവണയായി നഗരത്തിലെ ജ്വല്ലറിയിൽ നടന്ന മോഷണക്കേസിലാണ് ഇയാള്‍  കണ്ണൂർ ടൗൺ പൊലീസിന്‍റെ വലയിലാകുന്നത്. 2022ലാണ് ഇയാള്‍ ആദ്യമായി കേരളത്തില്‍ കവര്‍ച്ച നടത്തുന്നത്. അന്ന് എട്ട് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു. കഴിഞ്ഞ ജൂൺ 30നും അതേ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തി. സിസിടിവിയിൽ പെട്ടതിനാൽ ശ്രമം ഉപേക്ഷിച്ചു.

Latest Videos

2011ൽ വയനാട് വൈത്തിരിയിലും ജ്വല്ലറിയിൽ കവർച്ച നടത്തി. വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും നോക്കി പ്രതിയെ തിരിച്ചറിഞ്ഞ കണ്ണൂർ ടൗൺ പൊലീസ് ധർമേന്ദ്രയെ തേടി ബിഹാറിലെ ഗ്രാമത്തിലെത്തി. രണ്ട് ദിവസം കഴിഞ്ഞാണ് ബംഗാളിൽ നിന്നെത്തിയ പ്രതിയെ പിടികൂടാനായത്. ഭാര്യയ്ക്ക് അസുഖമെന്ന വിവരം കിട്ടിയതിനാൽ കവർച്ച നടത്താതെ മടങ്ങിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ബിഹാറിൽ വധശ്രമക്കേസിലടക്കം പ്രതിയാണ് ഇയാൾ. സ്വർണത്തോടല്ല, വെള്ളിയോടാണ് കമ്പം. വെള്ളി ആവുമ്പോള്‍ കേസ് അത്ര ശക്തമാവില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൂടുതൽ കവർച്ചാ കേസുകളിൽ ഉൾപ്പെട്ടോ എന്നും പിന്നിൽ വേറെ ആളുകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.

click me!