വിവാഹ വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങള്‍, വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെയും കൈക്കലാക്കി, പ്രതി പിടിയില്‍

By Web Team  |  First Published Oct 7, 2023, 9:53 PM IST

പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്.


ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

ചെങ്ങന്നൂർ സ്വദേശിനി നല്‍കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.  സർക്കാർ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പലതവണയായി 5 ലക്ഷം രൂപ വാങ്ങി. യുവതി വീട്ടില്‍ വളർത്തി വന്ന 11 ആട്ടിൻകുട്ടികളെയും കൊണ്ടുപോയി. വളർത്തി വലുതായശേഷം തിരികെ  നൽകാം എന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.  

Latest Videos

Also Read:  വിവാഹ വാഗ്ദാനം നൽകിയിരുന്നു, പക്ഷെ യുവതി പലതും മറച്ചുവെച്ച് ചതിച്ചു: ഷിയാസ് കരീമിന്റെ മൊഴി

കഴിഞ്ഞ ഒരു മാസമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ റാന്നി ബസ് സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി സ്ത്രീകളെ  ഇത്തരത്തില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സാധാരണക്കാര്‍ പരാതി നൽകില്ലെന്ന വിശ്വാസത്തില്‍ പ്രതി കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 

click me!