കന്റോൺമെന്റ് എസ് ഐ പ്രസൂൺ നമ്പിക്കാണ് ആക്രണത്തിൽ പരിക്കേറ്റത്
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കിടെ എസ് ഐയെ അടക്കം ആക്രമിച്ച പ്രതി അറസ്റ്റിൽ. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കന്റോൺമെന്റ് എസ് ഐ പ്രസൂൺ നമ്പിക്കാണ് ആക്രണത്തിൽ പരിക്കേറ്റത്.
പുതുവത്സര ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ 3 ന് സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്ഥലത്തുനിന്നും ശ്രമിക്കുന്നതിനിടെ എസ് ഐയെ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി .കൈവിരലിന് തുന്നലുണ്ട്. കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കരമനയിലും നേരത്തെ ഗുണ്ടാസംഘം പൊലീസിനെ അക്രമിച്ചിരുന്നു. ഈ സംഭവം നടന്ന് മാസങ്ങൾക്കിപ്പുറവും പ്രതികളെ പിടികൂടാനായിട്ടില്ല എന്ന് വിമർശനമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം