
തൃശൂർ: വീട്ടിലെ പോർച്ചിൽ വെച്ചിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ദുർഗ്ഗാനഗർ സ്വദേശി ചൂരപ്പെട്ടി വീട്ടിൽ ഷാംജിത്ത് (29) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയിന്‍റെ വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും കഴിഞ്ഞ ദിവസം പുലർച്ചെ തീ വെച്ച് നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടൻ എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടത് മൂലമുള്ള വൈരാഗ്യത്താലാണ് അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ച് കയറി 7 ലക്ഷം രൂപയോളം വില വരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ചത്. ഷാംജിത്തിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് ഒരു കേസുണ്ട്. മതിലകം ഇൻസ്പെക്ടർ എം കെ ഷാജിയുും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അനിയന് സ്വപ്ന ബൈക്ക് സമ്മാനിച്ച് ചേട്ടൻ, പണം വന്ന വഴി കണ്ടെത്തി പൊലീസ്; പിന്നാലെ യമഹ എഫ് സി കണ്ടുകെട്ടി
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത യുവാവ് സഹോദരന് വാങ്ങി നല്‍കിയ ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് ലഹരി വില്‍പനയിലൂടെ സാമ്പാദിച്ച പണത്തിലൂടെയെന്ന് കണ്ടെത്തി എന്നതാണ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി തോണിച്ചിറ കരിമ്പാടന്‍ കോളനിയിലെ കെ അജിത്ത് (22), തന്‍റെ സഹോദരന് സമ്മാനമായി നല്‍കിയ യമഹ എഫ് സി മോഡല്‍ ബൈക്കാണ് ലഹരി വില്‍പനയിലൂടെ നേടിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബൈക്ക് പോലീസ് കണ്ടുകെട്ടി. സ്മഗ്ലേഴ്‌സ് ആൻഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി(എസ് എ എഫ് ഇ എം എ) ഉത്തരവ് പ്രകാരമാണ് പൊലീസിന്റെ നടപടി. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് 89 ഗ്രാം എം ഡി എം എയുമായാണ് അജിത്തിനെ പൊലീസ് പിടികൂടിയിരുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്‍പനയിലൂടെ വാങ്ങിയ ബൈക്ക് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam