തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്തിയത് നാട്ടുകാര്‍, തിരിച്ചറിഞ്ഞത് മാധ്യമങ്ങളിൽ കണ്ട ചിത്രങ്ങൾ വഴി

By Web Team  |  First Published Nov 28, 2023, 2:12 PM IST

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


കൊല്ലം: തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ 22 മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടവിലാണ് കൊല്ലത്തെ തിരക്കേറിയ ആശ്രാമം മൈതാനത്ത് കണ്ടെത്തിയത്. കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നതാകാമെന്നാണ് സൂചന. ഇവിടെയുണ്ടായിരുന്ന നാട്ടുകാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കണ്ട ചിത്രങ്ങളാണ് ഇതിന് സഹായിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. മണിക്കൂറുകൾ കസ്റ്റഡിയിലായതിന്റെ അവശതയിലുള്ള കുട്ടിക്ക് അവിടെയുള്ളവര്‍ വെള്ളവും ബിസ്കറ്റും നൽകി. ഉടനെ പൊലീസിൽ അറിയിക്കുകയും അവരത്തെ കുട്ടിയെ കൊണ്ടുപോവുകയും ആയിരുന്നു. 

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ നിര്‍ബന്ധിതരായത്. ജില്ലയിലാകെ പൊലീസ് കര്‍ശന പരിശോധന നടത്തി വരികയായിരുന്നു.

Latest Videos

കേരളക്കരയാകെ മണിക്കൂറുകളായി തെരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. പൊലീസിനൊപ്പം നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതോടെ കുട്ടിയെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് തിരിച്ചറിഞ്ഞാകണം പ്രതികൾ കുട്ടികളെ ഉപേക്ഷിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയിൽ നിന്ന് കിട്ടിയ വാഹന നമ്പർ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകി. പക്ഷേ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയിjരുന്നില്ല. 

അതിനിടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തുന്നത്. രണ്ട് തവണയാണ് ഫോൺ കോൾ എത്തിയത്. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടത്. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പൊലീസ് അന്വേഷണത്തിൽ ഫോൺ വിളിച്ചത് പാരിപ്പള്ളിയിലെ ഒരു കടയുടെ ഉടമയുടെ ഫോണിൽ നിന്നാണെന്ന് വ്യക്തമായി. ഒരു സ്ത്രീയും പുരുഷനും വന്ന് സാധനങ്ങൾ വാങ്ങിയെന്നും അവർ ഫോൺ വിളിക്കാനുപയോഗിച്ചെന്നുമാണ് കടയുടമ പൊലീസിന് നൽകിയ മൊഴി. അതിനിടെ, കടയിലെത്തിയ പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഒടുവിൽ കേരളം മുഴുവൻ കാത്തിരുന്ന കുട്ടിയെ ഉച്ചയ്ക്ക് ഒന്നരയോടെ കണ്ടെത്തുകയായിരുന്നു.

ആശ്വാസം, സന്തോഷം: അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

click me!