'എനിക്കൊരു വീട് തരാന്‍ പറയുമോ?'; 84-കാരിയായ കല്ല്യാണിയമ്മയുടെ ചോദ്യം, പക്ഷേ അധികൃതര്‍ കേള്‍ക്കുന്നേയില്ല!

By Vijayan Tirur  |  First Published Apr 21, 2023, 9:40 AM IST

ഓരോ തെരഞ്ഞെടുപ്പ് സമയത്തും വീട്ടിലെത്തുന്ന രാഷ്ട്രീയക്കാരോട് ഇത്തവണയെങ്കിലും വീട് കിട്ടുമോ എന്ന ചോദ്യം കല്യാണിയമ്മ ആവര്‍ത്തിക്കും. ഇത്തവണ വീട് ഉറപ്പാണെന്ന് പറഞ്ഞാണ് ഈ പാവം വയോധികയെ നേതാക്കള്‍ പറ്റിക്കാറുള്ളതെന്ന് മകന്‍ മുരളി പറഞ്ഞു.


സുല്‍ത്താന്‍ബത്തേരി: ''തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവിടേക്ക് ആരും വരാറില്ല. വീട് തരാമെന്ന് പറഞ്ഞ് വോട്ട് വാങ്ങാന്‍ വരുന്നവര്‍ പറയുന്ന വാക്കുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു''. നെന്മേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്‍പ്പെട്ട തവനിയില്‍ 35 വര്‍ഷം മുമ്പ് മണ്‍കട്ടയാല്‍ തീര്‍ത്ത, ഇടിഞ്ഞുവീഴാറായ വീട്ടിലിരുന്ന് കല്ല്യാണിയമ്മ പറഞ്ഞു. എങ്കിലും വീട്ടിലെത്തുന്നവരോടൊക്കെ ചോദിക്കാന്‍ ഈ അമ്മക്ക് ഒറ്റ കാര്യമെയുള്ളു. 'നല്ലൊരു വീട്ടില്‍ കിടന്ന് മരിക്കണമെന്നുണ്ട്...എനിക്കൊരു വീട് തരാന്‍ പഞ്ചായത്തുകാരോട് പറയുമോ?''. 

കല്ല്യാണിയമ്മയും മകന്‍ മുരളിയും കുടുംബവും താമസിക്കുന്ന ഓടുമേഞ്ഞ ചെറിയ വീട് തകര്‍ച്ചയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് സമയത്തും വീട്ടിലെത്തുന്ന രാഷ്ട്രീയക്കാരോട് ഇത്തവണയെങ്കിലും വീട് കിട്ടുമോ എന്ന ചോദ്യം കല്യാണിയമ്മ ആവര്‍ത്തിക്കും. ഇത്തവണ വീട് ഉറപ്പാണെന്ന് പറഞ്ഞാണ് ഈ പാവം വയോധികയെ നേതാക്കള്‍ പറ്റിക്കാറുള്ളതെന്ന് മകന്‍ മുരളി പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും വീട് ഉറപ്പാണെന്ന വാഗ്ദാനമായിരുന്നു കുടുംബത്തിന് ലഭിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ ലൈഫ് പദ്ധതി പട്ടികയില്‍ അവസാന സ്ഥാനക്കാരില്‍ ഒരാള്‍ മാത്രമാണ് എണ്‍പത്തിനാലുകാരിയായ കല്ല്യാണിയമ്മ ഇപ്പോഴും. വോട്ടെടുപ്പ്കാലത്ത് നല്‍കിയ വാഗ്ദാനത്തെ കുറിച്ച് വാര്‍ഡ് അംഗത്തോട് നിരവധി തവണ ചോദിച്ചെങ്കിലും ഇപ്പോള്‍ മറുപടിയില്ലെന്നാണ് കുടുംബം പറയുന്നത്. 

Latest Videos

undefined

മകന്‍ മുരളി ബത്തേരിയിലെ ഷോപ്പില്‍ ടൈലറിങ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ നിത്യചിലവും കുട്ടികളുടെ പഠനവുമെല്ലാം കഴിയുന്നത്. മിച്ചം വെക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ വീടെന്ന സ്വപ്‌നം നീണ്ടുപോകുകയായിരുന്നുവെന്ന് മുരളി പറഞ്ഞു. എന്നാല്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ചു കിട്ടിയിരുന്നെങ്കിലും ഭാര്യമാതാവ് രോഗം ബാധിച്ച് ആശുപത്രിയിലായതോടെ തറ നിര്‍മാണം അടക്കമുള്ള ജോലികള്‍ തടസ്സപ്പെടുകയായിരുന്നുവെത്രേ.  വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് എണ്‍പത്തിനാലുകാരിയായ മാതാവിനും തനിക്കും കുടുംബത്തിനും വീട് നിഷേധിക്കുന്നതെന്നാണ് മുരളിയുടെ ആരോപണം.  

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും വീടിന് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടുമെന്ന നല്ല പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരായതോടെ അഞ്ച് വര്‍ഷം കഴിഞ്ഞാലും വീട് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. നിലവില്‍ മണ്‍കട്ട കൊണ്ട് തീര്‍ത്ത വീട് അന്തിയുറങ്ങാന്‍ കഴിയാത്ത തരത്തിലാണ് ഉള്ളത്. പലയിടത്തും ചോര്‍ച്ച കാരണം ചുമര്‍ തകര്‍ന്ന നിലയിലാണ്. മഴക്കാലം എത്തുന്നതോടെ ചെറിയ കുട്ടികളെയും പ്രായമായ അമ്മയെയും കൊണ്ട് വീട്ടിലുറങ്ങാന്‍ പേടിയാണെന്ന് മുരളി പറഞ്ഞു. അടിത്തറ വരെ തകര്‍ന്നുതുടങ്ങിയ വീട്ടില്‍ വരുന്ന മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആധിയാണ് കല്ല്യാണിയമ്മക്കും കുടുംബത്തിനുമുള്ളത്.

Read More :  'ഇടിമിന്നലോട് കൂടി മഴ, കടൽ ക്ഷോഭത്തിനും സാധ്യത'; തിങ്കളാഴ്ച വരെ ജാഗ്രത വേണം, മുന്നറിയിപ്പ്

click me!