കണക്കുകളിൽ അന്തരം വന്നതോടെ സ്ഥാപനം നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പുവിവരം പുറത്തുവന്നത്.
പാലക്കാട്: പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിൽ തൃശൂര്‍ മോഡൽ തട്ടിപ്പ്. 78 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ സ്ഥാപനത്തിൻറെ മാനേജരും അസിസ്റ്റന്‍റ് മാനേജരുമാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശികളായ ഹരീഷ്, രജീഷ് എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടാമ്പിയിലെ തേജസ്സ് സൂര്യനിധി ലിമിറ്റഡ് കമ്പനിയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ സ്വര്‍ണ പണയ വായ്പകളിലാണ് പ്രതികള്‍ തിരിമറി നടത്തിയത്. സ്വര്‍ണ പണയ വായ്പായിനത്തിൽ മാത്രം ഇരുവരും നടത്തിയത് 72 ലക്ഷത്തിൻറെ തിരിമറി. ഇതിനു പുറമെ 10 പവൻ സ്വര്‍ണ ഉരുപ്പടികളിലെ കണക്കിലും ക്രമക്കേട് നടത്തി അഞ്ചര ലക്ഷവും തട്ടിയെടുത്തു. കണക്കുകളിൽ അന്തരം വന്നതോടെ സ്ഥാപനം നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പുവിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ 77 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി.
വ്യാജ ലോണുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്ന് പണം തുല്യമായി വീതിച്ചെടുത്താണ് ഇരുവരും ലക്ഷങ്ങള്‍ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.