ക്ഷേത്ര ചടങ്ങുകൾക്കായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയിരുന്ന 60കാരി ലോറിയിടിച്ച് മരിച്ചു. പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
ചേർത്തല: ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപം സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ചന്തിരൂരിൽ ക്ഷേത്ര ചടങ്ങുകൾക്കായി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രതിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി വന്നിടിക്കുകയായിരുന്നു.
ലോറിക്കടിയിൽ പെട്ടുപോയ രതി അപകട സ്ഥലത്തു തന്നെ മരിച്ചു. അപ്പുക്കുട്ടനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പട്ടണക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മകൾ: അശ്വതി. മരുമകൻ : കൃഷ്ണപ്രസാദ്. പുതുവര്‍ഷദിനത്തിലും കേരളത്തിലെ നിരത്തുകൾ ചോരക്കളമായി. സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിലായി 6 പേരാണ് ഇന്ന് മരിച്ചത്.
നോവായി പുതുവർഷം; സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി 6 പേര്‍ക്ക് ദാരുണാന്ത്യം
എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാർത്ഥികളാണ്. ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. കാസർകോട് എരുമക്കുളത്ത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര - ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം