പക്ഷികള്‍ കടന്നല്‍ക്കൂട് തകര്‍ത്തതിനെ തുടര്‍ന്ന് കടന്നലുകള്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു
കോഴിക്കോട്: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നല്‍ക്കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. നാദാപുരം തൂണേരി മുടവന്തേരിയിലാണ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ മുടവന്തേരി കളത്തിക്കണ്ടി താഴെപൊയില്‍ സുജാത(45), തുണ്ടിയില്‍ ഷാനിഷ്(40) എന്നിവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏഴുപേര്‍ തലശ്ശേരി ഗവ. ആശുപത്രിയിലും മറ്റുള്ളവര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലും ആണുള്ളത്.പക്ഷികള്‍ കടന്നല്‍ക്കൂട് തകര്‍ത്തതിനെ തുടര്‍ന്ന് കടന്നലുകള്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
സുജാതയുടെ ദേഹത്താകമാനം കുത്തേറ്റതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനിഷിനും ഭാര്യ സൗമ്യ(39)ക്കും കുത്തേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ക്കും കടന്നല്‍ക്കുത്തേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം