അസ്മിയ ജീവനൊടുക്കില്ല, മരണത്തിൽ ദുരൂഹതയുണ്ട്, പരാതിയുമായി ബന്ധുക്കൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

By Web Team  |  First Published May 14, 2023, 10:44 PM IST

സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു


തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.

ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.

Latest Videos

12000 അല്ല, 25000 കോടിയുടെ ലഹരി, 2525 കിലോ മെത്താആംഫിറ്റമിൻ; കണക്കെടുപ്പിൽ ഞെട്ടിച്ച് കൊച്ചി ലഹരി വേട്ട

അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

നമ്പികുളം വ്യൂ പോയിന്‍റിൽ യുവാവ് കൊക്കയിൽ വിണ് മരിച്ച നിലയിൽ

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിൻറിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്‍റെ മകൻ രാഹുലിനെയാണ് (32) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂരാച്ചുണ്ട് പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

click me!