പുനെ - കന്യാകുമാരി എക്സ്പ്രസ് ജനറൽ കോച്ചിൽ നിന്നാണ് പ്രതി പിടിയിലായത്
പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പാലക്കാട് പിടിയിൽ. രാമനാഥപുരം സ്വദേശി മനോഹരനെ ആർ പി എഫ് ആണ് പിടികൂടിയത്. സേലത്ത് നിന്നും കോട്ടയത്തേക്ക് കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. അരക്കെട്ടിൽ പ്രത്യേക തുണി ബെൽറ്റിലാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പുനെ - കന്യാകുമാരി എക്സ്പ്രസ് ജനറൽ കോച്ചിൽ നിന്നാണ് പ്രതി പിടിയിലായത്. സേലത്ത് നിന്നും കോട്ടയത്തേക്ക് രേഖകളൊന്നുമില്ലാതെ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയതെന്ന് പാലക്കാട് ആർ പി എഫ് അറിയിച്ചു. 16.50000 രൂപയുടെ കുഴൽ പണമാണ് പിടികൂടിയതെന്നും ആർ പി എഫ് വ്യക്തമാക്കി.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി എന്നതാണ്. ആലപ്പുഴ കലവൂർ റാണി ജംഗ്ഷന് കിഴക്ക് വശം പ്രവർത്തിക്കുന്ന നന്ദിനി കൊയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 6,250 പീസ് ഡോർമാറ്റ്സ് വാങ്ങിയ ശേഷം 6,15,160 രൂപയുടെ വ്യാജ ചെക്ക് നൽകിയ തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനാണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മെയ് 17ന് പ്രതിയും കൂട്ടാളികളും ചേർന്ന് നന്ദിനി കൊയർ വർക്ക്സില്‍ എത്തുകയും പ്രതി ബെംഗളൂരുവിലുള്ള ശ്രീലക്ഷ്മി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ ചെക്ക് നൽകി ഡോർമാറ്റ്സ് ലോറിയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയതിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും തമിഴ്‌നാട് കൃഷ്ണഗിരിയിൽ നിന്ന് പ്രതിയെ കണ്ടത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൻ, സബ് ഇൻസ്പെക്ടർ കെ ആർ ബിജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉല്ലാസ് യു, സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ രജീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം