ഹരിവരാസനം പാടി നടയടച്ചാലും കാനന പാതയിൽ ചിലരുടെ ഓട്ടം തീരില്ല. കഠിന കാനന യാത്രയിൽ കാലിടറിയവർക്കായാണ് ഈ ഓട്ടം
ശബരിമലയിൽ എത്താൻ പല മാർഗങ്ങൾ ഉണ്ട്. വെല്ലുവിളികൾ ഏറെ ഉള്ളതിനാൽ പലരും തിരഞ്ഞെടുക്കാൻ മടിക്കുന്ന വഴിയാണ് 14 കിലോമീറ്റർ നീളുന്ന പുല്ലുമേട് കാനന പാത. റീൽസ് കണ്ട് എത്തുന്നവരാണ് ഇപ്പോൾ കാനന പാതയിലെ പതിവ് കാഴ്ച. അതിൽ സന്നിധാനത്തെ എല്ലാ സേനാവിഭാഗങ്ങൾക്കും പണി കൊടുത്ത് കൊണ്ടാണ് ചിലരുടെ യാത്ര.
ഹരിവരാസനം പാടി നടയടച്ചാലും കാനന പാതയിൽ ചിലരുടെ ഓട്ടം തീരില്ല. കഠിന കാനന യാത്രയിൽ കാലിടറിയവർക്കായാണ് ഈ ഓട്ടം. പൊലീസും ഫയർ ഫോഴ്‌സും വനപാലകരും ദുരന്തനിവാരണ സേനയുമൊക്കെ ചേർന്ന് കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം ഓടേണ്ട അവസ്ഥയാണ്. ശബരിമലയിലേക്കുള്ള വഴിയെന്ന പോലെ പെരിയാർ കടുവാ സാങ്കേതം കൂടിയാണിത്. വന്യജീവികൾ വിഹരിക്കുന്ന നിത്യഹരിത വനം. അവസാനത്തെ സ്വാമിയും കാടിറങ്ങിയോ എന്ന് എണ്ണി ഉറപ്പിക്കും വരെ അവരുടെ ഓട്ടം തീരില്ല.
undefined
ഇതിനിടെ ഭക്തിക്കപ്പുറം റീൽസ് കണ്ടെത്തുന്നവര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് വേറെ. പമ്പ വഴി സന്നിധാനത്ത് എത്താം എന്നിരിക്കെയും റീൽസ് കണ്ട് ചിലര്‍ സാഹസത്തിനിറങ്ങും. ഒടുവിൽ വടി കൊടുത്തു അടി വാങ്ങും പോലെ ഉൾക്കാട്ടിൽപ്പെടും. ഈരേഴു കിലോമീറ്റർ നീളുന്ന ഈ വന്യതയിൽ അയ്യപ്പന്മാർക്ക് താങ്ങും തണലുമാകാൻ കൈ മെയ് മറന്ന് ഇവരുണ്ട്. പരിഭവം പറയാതെ പാതയൊരുക്കേണ്ടത് ഇവരുടെ പണിയാണ്. പക്ഷേ ഈ ദുർഘടവീഥിയിലെ വെല്ലുവിളികൾ ഒഴിവാക്കാൻ സ്വാമിമാരും കരുതേണ്ടതുണ്ട്. അയ്യപ്പന്മാർക്ക് ബോധവൽക്കരണം ഉറപ്പാക്കാൻ അധികൃതരും ഇനിയും ഉണര്‍ന്ന് ശ്രമിക്കണം.