വീഴുന്നതിനിടയില്‍ കമ്പിയില്‍ പിടിത്തം കിട്ടിയതിനാല്‍ റയ ഫാത്തിമ തൂങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ബസ് നിര്‍ത്താതെ 20 മീറ്ററോളം ഓടിക്കഴിഞ്ഞ ശേഷം നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ നിര്‍ത്തിയത്
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ട് എടുത്തു. 13കാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പേരാമ്പ്രയില്‍ മാര്‍ക്കറ്റ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റയ ഫാത്തിമ(13) ആണ് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന അദ്‌നാന്‍ ബസില്‍ അപകടത്തില്‍പെട്ട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഓടിക്കയറുന്നതിനിടയില്‍ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീഴുന്നതിനിടയില്‍ കമ്പിയില്‍ പിടിത്തം കിട്ടിയതിനാല്‍ റയ ഫാത്തിമ തൂങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ബസ് നിര്‍ത്താതെ 20 മീറ്ററോളം ഓടിക്കഴിഞ്ഞ ശേഷം നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ നിര്‍ത്തിയത്. റോഡില്‍ ഉരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്.
റയ ഫാത്തിമ കമ്പിയില്‍ നിന്ന് പിടിത്തം വിടാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവാകുകയായിരുന്നു. കുട്ടികളെ ബസില്‍ കയറ്റാതിരിക്കാന്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതിരിക്കുകയോ സ്‌റ്റോപ്പില്‍ നിന്ന് അകലെ നിര്‍ത്തുകയോ ചെയ്യുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഇല്ലാത്തതാണ് ബസുകാര്‍ക്ക് തുണയാകുന്നതെന്നും അവര്‍ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം